ചാവേര്‍ ആക്രമണം; പാകിസ്ഥാനിലെ രണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചൈന നിര്‍ത്തി

ചാവേര്‍ ആക്രമണം; പാകിസ്ഥാനിലെ രണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചൈന നിര്‍ത്തി


ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ രണ്ട് പ്രധാന അണക്കെട്ടുകളുടെ നിര്‍മ്മാണം ചൈന നിര്‍ത്തിവച്ചതായി ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന പാക് സര്‍ക്കാരില്‍ നിന്നും പുതിയ സുരക്ഷാ പദ്ധതികള്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് ഖൈബര്‍ പഖ്തൂണ്‍ഖ്വ ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ അണക്കെട്ട് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹന വ്യൂഹത്തിലേക്ക് മാര്‍ച്ച് 26നാണ് ചാവേര്‍ ബോംബര്‍ വാഹനം ഇടിച്ചുകയറ്റിയതെന്ന് പാകിസ്ഥാന്‍ പൊലീസ് അറിയിച്ചു. അധികാരികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം എഞ്ചിനീയര്‍മാര്‍ ഇസ്‌ലാമാബാദില്‍ നിന്ന് ദാസുവിലെ ഡാം നിര്‍മ്മാണ സ്ഥലത്തെ ക്യാമ്പിലേക്ക് പോകുകയായിരുന്നു.

സ്ഫോടനത്തില്‍ എന്‍ജിനീയര്‍മാരും പാകിസ്ഥാന്‍ പൗരനായ അവരുടെ ഡ്രൈവറും കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാനില്‍ ചൈനയുടെ താത്പര്യങ്ങള്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ആദ്യ രണ്ട് ആക്രമണങ്ങള്‍ പാകിസ്ഥാന്‍ നാവികസേനാ താവളത്തെയും ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ചൈന ഉപയോഗിക്കുന്ന തന്ത്രപ്രധാന തുറമുഖത്തെയും ലക്ഷ്യം വച്ചായിരുന്നു. അവിടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ബീജിംഗ് കോടിക്കണക്കിനാണ് നിക്ഷേപം നടത്തുന്നത്.

ചാവേര്‍ സ്ഫോടനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ആക്രമണത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥരും സിവിലിയന്‍ ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷണം നടത്തണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ചൈനീസ് പൗരന്മാരുടെ സംരക്ഷണത്തിനും അവരുടെ താത്പര്യങ്ങള്‍ക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഷെരീഫ് അധ്യക്ഷനായിരുന്നുവെന്ന് വാര്‍ത്താവിതരണ മന്ത്രി അത്താഉല്ല തരാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.

ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

പ്രധാന അണക്കെട്ടിന്റെ സ്ഥലമായ ദാസു മുമ്പും ആക്രമിക്കപ്പെട്ടിരുന്നു. 2021ല്‍ ഒരു ബസ് സ്ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഒമ്പത് ചൈനക്കാരാണുണ്ടായിരുന്നത്. എന്നാല്‍ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.