ബീജിംഗ്: പുനരുപയോഗിക്കാവുന്ന വാണിജ്യ റോക്കറ്റ് സാങ്കേതികവിദ്യയില്‍ നിര്‍ണായക നേട്ടവുമായി ചൈന. സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്സ്പേസ് വികസിപ്പിച്ച ഴുക്യു3 റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റര്‍ വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കി. ആഗസ്റ്റ് 18ന് നടന്ന പരീക്ഷണമാണ് ചൈനയുടെ പുനരുപയോഗിക്കാവുന്ന വാണിജ്യ ബഹിരാകാശ വ്യവസായത്തിന് പുതിയ മുന്നേറ്റമായത്.
ഭ്രമണപഥത്തിലെത്താന്‍ ശേഷിയുള്ള റോക്കറ്റിന്റെ ബൂസ്റ്റര്‍ വിജയകരമായി തിരിച്ചുപിടിച്ച സ്വകാര്യ കമ്പനികളുടെ പട്ടികയിലാണ് ഇതോടെ ലാന്‍ഡ്സ്പേസും ഇടംപിടിച്ചത്. സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍ എന്നിവയാണ് ഇതിന് മുമ്പ് സമാന നേട്ടം കൈവരിച്ച പ്രധാന സ്വകാര്യ കമ്പനികള്‍.
റോക്കറ്റിന്റെ ആദ്യഘട്ടം തിരിച്ചുപയോഗിക്കാന്‍ കഴിയുന്നത് വിക്ഷേപണച്ചെലവ് കുറയ്ക്കുന്നതിനും ഉപഗ്രഹ വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. പുനരുപയോഗ സാങ്കേതികവിദ്യയില്‍ അമേരിക്ക ഏറെ മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നേട്ടം.
രണ്ടാം ശ്രമത്തില്‍ വിജയകരമായ തിരിച്ചിറക്കം
66.1 മീറ്റര്‍ ഉയരമുള്ള ഴുക്യു3 വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഡോങ്ഫെങ് കൊമേഴ്സ്യല്‍ സ്പേസ് ഇന്നൊവേഷന്‍ പൈലറ്റ് സോണില്‍നിന്നാണ് വിക്ഷേപിച്ചത്.
ഒന്‍പത് എന്‍ജിനുകളുള്ള ആദ്യഘട്ടം വിക്ഷേപണത്തിന് ശേഷം വേര്‍പെട്ട് ഗാന്‍സു പ്രവിശ്യയിലെ തിരിച്ചിറക്കല്‍ കേന്ദ്രത്തിലേക്ക് മടങ്ങി. വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ഏകദേശം 390 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ബൂസ്റ്റര്‍ തിരിച്ചിറക്കിയത്.
ലാന്‍ഡ്സ്പേസിന്റെ രണ്ടാം ശ്രമത്തിലാണ് ബൂസ്റ്റര്‍ വിജയകരമായി തിരിച്ചിറക്കിയത്. 2025 ഡിസംബറില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിയെങ്കിലും നിയന്ത്രിതമായി തിരിച്ചിറക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ഫാല്‍ക്കണ്‍ 9ന് ചൈനീസ് വെല്ലുവിളി
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9ന് ചൈനീസ് ബദലായാണ് ലാന്‍ഡ്സ്പേസ് ഴുക്യു3നെ അവതരിപ്പിക്കുന്നത്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് റോക്കറ്റിന്റെ ഘടന നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയെ കൂടുതല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കുന്നത് ഫാല്‍ക്കണ്‍9ല്‍ ഉപയോഗിക്കുന്ന അലുമിനിയം- ലിഥിയം അലോയ്യെ അപേക്ഷിച്ച് നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ലാന്‍ഡ്സ്പേസിന്റെ അവകാശവാദം.
മീഥെയ്‌നും ദ്രവ ഓക്സിജനും ഇന്ധനമായി ഉപയോഗിക്കുന്നതാണ് ഴുക്യു3ന്റെ മറ്റൊരു പ്രത്യേകത. ഫാല്‍ക്കണ്‍ 9 ഉപയോഗിക്കുന്ന ദ്രവ ഓക്സിജന്‍- കെറോസിന്‍ സംവിധാനത്തേക്കാള്‍ കൂടുതല്‍ വൃത്തിയുള്ള ജ്വലനമാണ് ഈ ഇന്ധന സംയോജനം നല്‍കുന്നതെന്നാണ് കമ്പനിയുടെ നിലപാട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന വിക്ഷേപണത്തില്‍ ഴുക്യു3ന് താഴ്ന്ന ഭ്രമണപഥത്തിലേക്ക് 14.2 ടണ്‍ വരെ ചരക്ക് എത്തിക്കാനാകും. ഫാല്‍ക്കണ്‍ 9ന്റെ ശേഷി 22.8 ടണ്‍ വരെയാണ്. ഴുക്യു3ന്റെ ആദ്യഘട്ട ബൂസ്റ്റര്‍ 20 തവണ വരെ പുനരുപയോഗിക്കുകയാണ് ലാന്‍ഡ്സ്പേസിന്റെ ലക്ഷ്യം.
ആറുമാസത്തിനകം വീണ്ടും വിക്ഷേപിക്കാന്‍ ലക്ഷ്യം
റോക്കറ്റ് തിരിച്ചിറക്കാന്‍ കഴിയുമെന്ന് തെളിയിച്ചതിന് പിന്നാലെ, അത് ആവര്‍ത്തിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാകുമോ എന്നതാണ് ലാന്‍ഡ്സ്പേസിന്റെ അടുത്ത പരീക്ഷണം.
തിരിച്ചിറക്കിയ ആദ്യഘട്ട ബൂസ്റ്റര്‍ ആറുമാസത്തിനകം വീണ്ടും വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. പദ്ധതി വിജയിച്ചാല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒറ്റപ്പെട്ട ദൗത്യങ്ങളില്‍നിന്ന് പതിവായും ഉയര്‍ന്ന ആവൃത്തിയിലും റോക്കറ്റ് വിക്ഷേപിക്കുന്ന ഘട്ടത്തിലേക്ക് ചൈനീസ് സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് നീങ്ങാനാകും.
ഇതിനകം ബൂസ്റ്റര്‍ പുനരുപയോഗം പതിവാക്കിയിട്ടുണ്ട് സ്പേസ് എക്സ്. ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഏകദേശം ആഴ്ചയില്‍ മൂന്ന് തവണ വരെ വിക്ഷേപിക്കുന്നതോടൊപ്പം തിരിച്ചുപിടിച്ച ബൂസ്റ്ററുകള്‍ പലതവണ വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
വന്‍ നിക്ഷേപം ലക്ഷ്യമിട്ട് ലാന്‍ഡ്സ്പേസ്
ഷാങ്ഹായ് സ്റ്റാര്‍ മാര്‍ക്കറ്റില്‍ ഓഹരി ലിസ്റ്റിങ് നടത്തി 7.5 ബില്യണ്‍ യുവാന്‍ അഥവാ ഏകദേശം 1.11 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലാന്‍ഡ്സ്പേസ് ലക്ഷ്യമിടുന്നത്. 2029ഓടെ ലാഭത്തിലെത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പുതുക്കിയ പ്രോസ്പെക്ടസില്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച നടന്ന ബൂസ്റ്റര്‍ തിരിച്ചിറക്കല്‍ ചൈന നടത്തിയ ഭ്രമണപഥ ക്ലാസ് റോക്കറ്റ് വീണ്ടെടുക്കാനുള്ള നാലാമത്തെ ശ്രമമായിരുന്നു. റോക്കറ്റ് തിരിച്ചുപിടിക്കുന്നതിനുള്ള വിവിധ സാങ്കേതികവിദ്യകളും ചൈന പരീക്ഷിച്ചുവരികയാണ്.
ജൂലൈയില്‍ പരീക്ഷണ ബൂസ്റ്ററിനെ കടലില്‍ ഒഴുകുന്ന പ്ലാറ്റ്ഫോമില്‍ വലയുപയോഗിച്ച് പിടിച്ചെടുക്കുന്ന സംവിധാനം ചൈന വിജയകരമായി പരീക്ഷിച്ചിരുന്നു.
പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയില്‍ ചൈന നടത്തുന്ന തുടര്‍ച്ചയായ പരീക്ഷണങ്ങളും സ്വകാര്യ കമ്പനികളുടെ വളര്‍ച്ചയും ആഗോള വാണിജ്യ ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് പുതിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
