ഭീരുവേ എന്നെ പിടിക്കാന്‍ വരൂ അധികം വൈകരുത്; പ്രവചനം പോലെ മഡുറോയുടെ പ്രസംഗം

ഭീരുവേ എന്നെ പിടിക്കാന്‍ വരൂ അധികം വൈകരുത്; പ്രവചനം പോലെ മഡുറോയുടെ പ്രസംഗം


കരാക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യു എസ് പിടികൂടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ 2024ലെ ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ഡോണള്‍ഡ് ട്രംപ് ആഹ്ലാദത്തോടെ പങ്കുവച്ചു. ആ പ്രസംഗത്തില്‍ മഡൂറോ 'എന്നെ പിടിക്കാന്‍ വരൂ. ഞാന്‍ ഇവിടെ മിറാഫ്‌ളോറസില്‍ നിങ്ങളെ കാത്തിരിക്കുന്നു! എത്താന്‍ അധികം സമയം എടുക്കരുത്, ഭീരുവേ!' മിറാഫ്‌ളോറസ് എന്നത് കരാക്കാസിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ പ്രസംഗം പിന്നീട് പ്രവചനാത്മകമായി മാറുകയായിരുന്നു.

ഓപ്പറേഷന്‍ ആബ്‌സല്യൂട്ട് റിസോള്‍വ് എന്ന പേരില്‍ നടത്തിയ യു എസ് സൈനിക ദൗത്യത്തിനിടെ ജനുവരി 3നാണ് നിക്കോളാസ് മഡൂറോ പിടിയിലായത്. പ്രാദേശിക സമയം പുലര്‍ച്ചെ 2.01ഓടെ, കരാക്കാസിലെ മഡൂറോയുടെ ശക്തമായി സുരക്ഷിതമാക്കിയ ഫോര്‍ട്ടിഫൈഡ് കോമ്പൗണ്ടായ ഫുവെര്‍ട്ടെ തിയുനയില്‍ യു എസ് സേന പ്രവേശിച്ചു. സ്റ്റീല്‍ വാതിലുകള്‍ മുറിച്ചു മാറ്റാന്‍ ബ്ലോ ടോര്‍ച്ചുകളാണ് ഉപയോഗിച്ചത്. മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ബെഡ്റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ഹെലികോപ്റ്ററില്‍ കടല്‍ത്തീരത്ത് നിലയുറപ്പിച്ചിരുന്ന യു എസ് നേവി യുദ്ധക്കപ്പലായ യു എസ് എസ് ഇവോ ജിമയിലേക്ക് മാറ്റി. തുടര്‍ന്ന് ഇരുവരെയും ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഓപ്പറേഷന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ട്രംപ്, 'സുരക്ഷിതവും ശരിയായതുമായ വിവേകപൂര്‍ണമായ ഒരു മാറ്റം സാധ്യമാകുന്നതുവരെ' വാഷിങ്ടണ്‍ വെനിസ്വേലയെ 'ഭരിക്കും' എന്ന് പറഞ്ഞു. വലിയ യു എസ് എണ്ണക്കമ്പനികള്‍ വെനിസ്വേലയിലേക്ക് കടന്നുവന്ന് മോശമായി തകര്‍ന്ന എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയും രാജ്യത്തിനായി വരുമാനം സൃഷ്ടിക്കുകയും ചെയ്യും എന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഭരണകൂടത്തിന്റെ നടപടികള്‍ 'വനിസ്വേല ജനതയെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.