ധര്‍മശാല: നാളെ 90ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി 14ാമത് ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ. 30-40 വര്‍ഷം വരെ ഇനിയും ജീവിക്കുമെന്ന് കരുതുന്നതായി ജന്മദിനത്തിന് തലേന്ന് നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. നാടുകടത്തപ്പെട്ട ആയിരക്കണക്കിന് ടിബറ്റുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.
മക്ലിയോഡ്ഗഞ്ചിലെ പ്രധാന ദലൈലാമ ക്ഷേത്രമായ സുഗ്ലാഗ്ഖാങ്ങിലാണ് ബുദ്ധമത ആത്മീയ നേതാവിന്റെ ജന്മദിനത്തിന് മുന്നോടിയായുള്ള ദീര്‍ഘായുസ് പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്. അവലോകിതേശ്വരന്റെ അനുഗ്രഹം തന്നോടൊപ്പമുണ്ടെന്നതിന്റെ വ്യക്തമായ അടയാളങ്ങളും സൂചനകളും തനിക്ക് ലഭിച്ചെന്ന് ഗ്യാറ്റ്‌സോ ചടങ്ങില്‍ പറഞ്ഞു.
'നിരവധി പ്രവചനങ്ങള്‍ നോക്കുമ്പോള്‍, അവലോകിതേശ്വരന്റെ അനുഗ്രഹം എനിക്കുണ്ടെന്ന് തോന്നുന്നു. ഇതുവരെ ഞാന്‍ എന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 30-40 വര്‍ഷം കൂടി ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥനകള്‍ ഇതുവരെ ഫലം കണ്ടു,' ടിബറ്റന്‍ ആത്മീയ നേതാവ് കൂട്ടിച്ചേര്‍ത്തു.
'നമ്മുടെ രാജ്യം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യയിലാണ് പ്രവാസ ജീവിതം നയിച്ചത്. അവിടെ ധാരാളം ജീവജാലങ്ങളെ പരിപാലിക്കാന്‍ കഴിഞ്ഞു. ഇവിടെ ധര്‍മശാലയില്‍ താമസിക്കുന്നവര്‍ക്ക് കഴിയുന്നത്ര സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ദലൈലാമ ചടങ്ങില്‍ പറഞ്ഞു.
ദശലക്ഷക്കണക്കിന് ടിബറ്റന്‍ ബുദ്ധമതക്കാര്‍ ദലൈലാമയെ ഒരു ദൈവമായി ആരാധിക്കുന്നു. ലോകമെമ്പാടും സമാധാനത്തിനും ആത്മീയതയ്ക്കും കൂടാതെ ടിബറ്റിന്റെ സ്വയംഭരണത്തിന് വേണ്ടിയുള്ള ശബ്ദമായും ദലൈലാമയെ കാണുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധമത സ്ഥാപനം തന്റെ മരണശേഷവും തുടരുമെന്ന് ജൂലൈ 2 ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ധര്‍മശാലയിലെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഭാവി ദലൈലാമയെ അംഗീകരിക്കാനുള്ള ഏക അധികാരം അദ്ദേഹം സ്ഥാപിച്ച ഗാഡെന്‍ ഫോഡ്രാങ് ട്രസ്റ്റിനാണ്.
'ദലൈലാമയുടെ സ്ഥാപനം തുടരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്ന ടിബറ്റന്‍ ബുദ്ധമത വിശ്വാസികളില്‍ നിന്ന് എനിക്ക് വിവിധ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദലൈലാമയുടെ സ്ഥാപനം തുടരുമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു,' ദലൈലാമ പ്രസ്താവനയിലൂടെ അറിയിച്ചു.
ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. 1959ല്‍ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ശേഷം പിന്നീട് ഇന്ത്യയിലെത്തി. ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരുമായി നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
നാല്പത് വര്‍ഷം കൂടി ജീവിച്ചിരിക്കണമെന്ന് ദലൈലാമ; 90ാം ജന്മദിനം ഞായറാഴ്ച
