ബെയ്ജിങ് : ചൈനയും യു.എസ് സഖ്യകക്ഷികളും തമ്മിലെ തീരുവ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യൂറോപ്യൻ മദ്യത്തിന് (ബ്രാൻഡി) പുതിയ തീരുവ പ്രഖ്യാപിച്ച് ചൈന. ഫ്രഞ്ച് ഉൽപന്നമായ കോന്യാക് അടക്കം ബ്രാൻഡികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ 27.7 ശതമാനം മുതൽ 34.9 വരെയാകും.
വ്യാപാര തർക്കങ്ങളിൽ ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അഞ്ചു വർഷത്തേക്ക് തീരുവ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. യൂറോപ്യൻ ബ്രാൻഡിയുടെ വ്യാപക ഇറക്കുമതി രാജ്യത്തെ വീഞ്ഞ് ഉൽപാദനത്തെ ബാധിക്കുന്നുവെന്നാണ് ചൈനയുടെ വിമർശനം. ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾക്കെതിരെ യൂറോപ്യൻ യൂനിയൻ സമാനമായ ഇറക്കുമതി നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നടപടി. യൂറോപ്യൻ പന്നിയിറച്ചി, പാലുൽപന്നങ്ങൾ എന്നിവക്കെതിരെയും ചൈന തീരുവ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
യൂറോപ്യൻ മദ്യത്തിന് പുതിയ തീരുവ പ്രഖ്യാപിച്ച് ചൈന
