പാറ്റ്‌ന : ബിഹാറില്‍ സാനിറ്ററി പാഡ് പായ്ക്കറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പായ്ക്കറ്റുകളിലാണ് സാനിറ്ററി പാഡുകള്‍ വിതരണത്തിനെത്തിയത്.
പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന സംരംഭം, ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യമിട്ടുള്ളതും കോണ്‍ഗ്രസിന്റെ വിശാലമായ സ്ത്രീ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണ്. , മഹിളാ കോണ്‍ഗ്രസ് വഴി 5 ലക്ഷം സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്നതിനും അവരില്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമുള്ള ഒരു കാമ്പയിന്‍ ആരംഭിക്കുമെന്ന് പാറ്റ്‌നയില്‍ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം പറഞ്ഞു.
'പാഡ്മാന്‍' എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സാനിറ്ററി പാഡുകള്‍ വിതരണം ചെയ്ത് സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബിഹാറില്‍ കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡില്‍ വയ്ക്കാനുള്ള തീരുമാനത്തെ 'സ്ത്രീകളെ അപമാനിക്കുന്നത്' എന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിശേഷിപ്പിച്ചത്.കോണ്‍ഗ്രസ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രചാരണത്തെ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനും അപലപിച്ചു. സാനിറ്ററി പാഡില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ചതിനെ അനുചിതമായ തീരുമാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം, ബിഹാറിലെ ആര്‍ത്തവ ശുചിത്വത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം ഊന്നിപ്പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിവാദത്തോട് പ്രതികരിച്ചു. ബിജെപിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് അവര്‍ വിമര്‍ശിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ തുണി ഉപയോഗിക്കുന്നതും ആരോഗ്യപരമായ അപകടങ്ങള്‍ നേരിടുന്നതും മൂലമുള്ള പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അല്‍ക ലാംബ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
ബിഹാറില്‍ സാനിറ്ററി പാഡ് പായ്ക്കറ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം; കടുത്ത പ്രതിഷേധവുമായി ബിജെപി
