പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു; ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി

പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു; ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി


വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ  ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ ട്രംപ് ഒപ്പുവച്ചതോടെയാണ് ലോകമാകെ ചര്‍ച്ചചെയ്ത ബില്‍ നിയമമായത്. 
ജൂലൈ 4 ലെ സ്വാതന്ത്ര്യദിന അവധിക്കായി വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ആണ് ബില്‍ ഒപ്പുവയ്ക്കല്‍ ചടങ്ങ് നടന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അടുത്തിടെ യുഎസ് നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്തതുപോലുള്ള സ്‌റ്റെല്‍ത്ത് ബോംബറുകളും യുദ്ധവിമാനങ്ങളും ആകാശത്ത് പറന്നു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍, സൈനിക കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ട്രംപ് പിന്തുണക്കാര്‍ പങ്കെടുത്തു.

നികുതികള്‍ കുറയ്ക്കുക, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ദ്ധിപ്പിക്കുക, മെഡിക്കെയ്ഡ്, എസ്എന്‍എപി, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് എന്നിവയില്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര നയ ബില്‍ സെനറ്റും യുഎസ് കോണ്‍ഗ്രസും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പാസാക്കിയത്. 

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് ധനസഹായം നല്‍കുന്നതും അദ്ദേഹത്തിന്റെ 2017 ലെ നികുതി ഇളവുകള്‍ സ്ഥിരമാക്കുന്നതും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താക്കുമെന്ന് കരുതുന്നതുമായ ബില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്ന് 214 നെതിരെ 218 വോട്ട് നേടിയാണ് കോണ്‍ഗ്രസ് പാസ്സായത്. ബില്‍ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലൂടെയും ബില്ലിന് നേതൃത്വം നല്‍കിയതിന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ തുണെയും നന്ദി പറഞ്ഞു.

'അപ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ നികുതി ഇളവ്, ഏറ്റവും വലിയ ചെലവ് ചുരുക്കല്‍, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അതിര്‍ത്തി സുരക്ഷാ നിക്ഷേപം,' ബില്ലിനെക്കുറിച്ച് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.