ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകിയതിന് ഉത്തരവാദി ഇന്ത്യയെന്ന് ജാപ്പനീസ് മൂന്‍ മന്ത്രി; ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകിയതിന് ഉത്തരവാദി ഇന്ത്യയെന്ന് ജാപ്പനീസ് മൂന്‍ മന്ത്രി; ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ഇന്ത്യ- ജപ്പാന്‍ സഹകരണത്തോടെ നടപ്പാക്കുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സമീപനമാണ് കാരണമെന്ന് ജാപ്പനീസ് നീതിന്യായ മുന്‍ മന്ത്രി ഹിദെകി മകിഹാര ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക മാധ്യമമായ എക്‌സില്‍ നടത്തിയ കുറിപ്പിലാണ് മകിഹാര പദ്ധതി വൈകിയതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയത്.

പദ്ധതിക്കായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാ ജാപ്പനീസ് ജനങ്ങളുടെയും ബഹുമാനാര്‍ഥം താനിത് പറയേണ്ടതുണ്ടെന്നും പദ്ധതി മുന്നോട്ട് പോകാതിരിക്കാന്‍ നൂറ് ശതമാനവും ഉത്തരവാദി ഇന്ത്യന്‍ ഭാഗമാണെന്നും മകിഹാര കുറിച്ചു.

ഇന്ത്യന്‍ അധികൃതര്‍ പലവട്ടം വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുകയും സ്വന്തം താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുടെ ചുമതലയുള്ള മന്ത്രിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ജാപ്പനീസ് വാര്‍ത്താ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഭിപ്രായലേഖനത്തിനുള്ള പ്രതികരണമായിരുന്നു മകിഹാരയുടെ പരാമര്‍ശം. ജപ്പാനെ ഒഴിവാക്കി മറ്റൊരു സിഗ്നലിംഗ് സംവിധാനം ഉള്‍പ്പെടെ യഥാര്‍ഥ പദ്ധതിയില്‍ നിന്ന് ഇന്ത്യ വ്യതിചലിച്ചുവെന്നാണ് ആ ലേഖനത്തില്‍ ആരോപിച്ചിരുന്നത്.

മകിഹാരയുടെ ആരോപണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതായും അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വസ്തുതകളില്‍ നിന്ന് വളരെ അകലെയുള്ള അഭിപ്രായമാണതെന്നും മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്ത്യ- ജപ്പാന്‍ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജപ്പാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇ10 സീരീസ് ട്രെയിനുകള്‍ 2030-കളുടെ തുടക്കത്തിലായിരിക്കും ലഭ്യമാകുക. അതുവരെ ഇന്ത്യയില്‍ വികസിപ്പിച്ച അതിവേഗ ട്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും ആദ്യഘട്ട സര്‍വീസ് ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സിഗ്നലിംഗ് സംവിധാനവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഒരുക്കുന്നതെന്നും ഈ വിഷയത്തില്‍ ജപ്പാനില്‍ നിന്ന് മറ്റൊരു ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചതുപോലെ, ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2027 ആഗസ്റ്റ് 15 മുതല്‍ ഘട്ടംഘട്ടമായി ആരംഭിക്കും. ആദ്യഘട്ടത്തില്‍ സൂറത്ത്- ബിലിമോറ പാതയിലാണ് സര്‍വീസ് ആരംഭിക്കുക.

മുന്‍ ജാപ്പനീസ് മന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും റെയില്‍വേ മന്ത്രിയുടെയും പ്രവര്‍ത്തനശൈലിയെ പരിഹസിച്ച അദ്ദേഹം പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകള്‍ വിദേശ നേതാക്കള്‍ പോലും പരസ്യമായി വിമര്‍ശിക്കുന്ന സ്ഥിതിയാണെന്ന് ആരോപിച്ചു.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ 81 ശതമാനം ധനസഹായവും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി വഴിയാണ് ലഭിക്കുന്നത്. 2023-ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ പദ്ധതി പലതവണ വൈകുകയും ചെലവ് വര്‍ധിക്കുകയും ചെയ്തു.