ന്യൂഡല്‍ഹി: ഇറാനിലെ ചാബഹാര്‍ തുറമുഖത്തില്‍ ഇന്ത്യ നടത്തിപ്പു വഹിക്കുന്ന ഷാഹിദ് ബെഹെഷ്തി ടെര്‍മിനലിന് അമേരിക്കയുടെ സമീപകാല വ്യോമാക്രമണത്തില്‍ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് നടത്തിയ സൈനിക നടപടിയുടെ ഭാഗമായി ചാബഹാര്‍ തുറമുഖവും ആക്രമിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെര്‍മിനല്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടത് ഷാഹിദ് കലന്തരി ടെര്‍മിനലാണെന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. ഇത് ഇന്ത്യ നിയന്ത്രിക്കുന്ന ഷാഹിദ് ബെഹെഷ്തി ടെര്‍മിനലില്‍ നിന്ന് വ്യത്യസ്തമായ സൗകര്യമാണ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുറമുഖത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് (ഐ പി ജി എല്‍) ആണ് ഷാഹിദ് ബെഹെഷ്തി ടെര്‍മിനലിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമായി ഒപ്പുവെച്ച പത്ത് വര്‍ഷത്തെ പുതുക്കാവുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം.
ഷാഹിദ് ബെഹെഷ്തിയും ഷാഹിദ് കലന്തരിയുമാണ് ചാബഹാര്‍ തുറമുഖത്തിലുള്ള രണ്ട് പ്രധാന ടെര്‍മിനലുകള്‍. ഇതില്‍ ഷാഹിദ് ബെഹെഷ്തി ടെര്‍മിനലിന്റെ പ്രവര്‍ത്തന ചുമതല ഇന്ത്യയ്ക്കാണ്.
അഫ്ഗാനിസ്ഥാനും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും പാകിസ്ഥാനെ മറികടന്ന് വ്യാപാര- ഗതാഗത ബന്ധം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പദ്ധതിയിലെ പ്രധാന കേന്ദ്രമാണ് ചാബഹാര്‍ തുറമുഖം. ഇന്ത്യ, ഇറാന്‍, റഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്- സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ പദ്ധതിയിലും ഈ തുറമുഖത്തിന് നിര്‍ണായക സ്ഥാനമുണ്ട്.
സായുധ സംഘര്‍ഷങ്ങള്‍ക്കിടെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടാന്‍ പാടില്ലെന്നതാണ് ഇന്ത്യയുടെ സ്ഥിരം നിലപാടെന്നും ജയ്‌സ്വാള്‍ ആവര്‍ത്തിച്ചു. ചാബഹാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്ന അമേരിക്കന്‍ ഉപരോധ ഇളവിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികളുമായി ഇന്ത്യ ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
