തെഹ്‌റാന്‍: അമേരിക്ക ഇറാനെതിരായ സൈനിക ആക്രമണം തുടര്‍ന്നാല്‍ 'സമ്പൂര്‍ണ ആക്രമണ ഘട്ടത്തിലേക്ക്' കടക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഉന്നത ഉദ്യോഗസ്ഥനുമായ മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ ആക്രമണം രണ്ടോ മൂന്നോ ദിവസം കൂടി തുടര്‍ന്നാല്‍ ഇറാന്‍ പൂര്‍ണതോതിലുള്ള സൈനിക ആക്രമണം ആരംഭിക്കുമെന്ന് റെസായി വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ പ്രക്ഷേപണ ശൃംഖലയായ ഐ ആര്‍ ഐ ബി ആണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്ക തുടര്‍ച്ചയായി ഏഴാം ദിവസവും ഇറാനില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ, മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം തുടരുകയാണ്.
സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ ഇറാന്റെ സൈനിക നടപടി സ്വന്തം അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങില്ലെന്നും റെസായി മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ആക്രമണ സേനയ്ക്ക് മുന്നില്‍ ഒരു രാഷ്ട്രീയ അതിര്‍ത്തിയും സുരക്ഷിതമായിരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചെന്നാരോപിച്ച് അമേരിക്ക ഇറാന് സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നും റെസായി ആവശ്യപ്പെട്ടു. അതേസമയം, സാധാരണ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മനഃപൂര്‍വം ലക്ഷ്യമിട്ടിട്ടില്ലെന്ന നിലപാടാണ് അമേരിക്ക ആവര്‍ത്തിക്കുന്നത്.
അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്ക- ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണയും ധാരണാപത്രവും അവസാനിച്ചതായി പ്രഖ്യാപിച്ചശേഷം ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
