കാട്ടുതീ നിയന്ത്രിച്ചില്ലെങ്കില്‍ കാനഡയ്ക്കെതിരെ കൂടുതല്‍ തീരുവയെന്ന് ട്രംപ്; പരാതിപ്പെടാതെ സഹായം നല്‍കുവെന്ന് ഒന്റാറിയോ പ്രീമിയര്‍

കാട്ടുതീ നിയന്ത്രിച്ചില്ലെങ്കില്‍ കാനഡയ്ക്കെതിരെ കൂടുതല്‍ തീരുവയെന്ന് ട്രംപ്; പരാതിപ്പെടാതെ സഹായം നല്‍കുവെന്ന് ഒന്റാറിയോ പ്രീമിയര്‍


വാഷിംഗ്ടണ്‍: കാനഡയില്‍ പടരുന്ന കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാനഡയ്ക്കെതിരെ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കാനഡ വനസംരക്ഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണെന്നും അതിന്റെ പ്രത്യാഘാതമാണ് അമേരിക്ക അനുഭവിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ച ട്രംപ് കാനഡ അവരുടെ വനങ്ങളും കുറ്റിക്കാടുകളും ശരിയായി പരിപാലിക്കുന്നില്ലെന്നും അതിന്റെ ഫലമായി മലിനവും ആരോഗ്യത്തിന് ഹാനികരവുമായ പുക അനാവശ്യമായി അമേരിക്കയിലേക്ക് കടന്നുവരുകയാണെന്നും ഇത് മനഃപൂര്‍വമായ അശ്രദ്ധയാണെന്നും ആരോപിച്ചു. വര്‍ഷംതോറും ആവര്‍ത്തിക്കുന്ന ഈ സാഹചര്യം അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നും ഈ മലിനീകരണത്തിന്റെ ചെലവ് നിലവില്‍ കാനഡയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന തീരുവയില്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുമെന്നും ട്രംപ് കുറിച്ചു.

വടക്കുപടിഞ്ഞാറന്‍ ഒന്റാറിയോയില്‍ ഉള്‍പ്പെടെ കാനഡയില്‍ നൂറുകണക്കിന് കാട്ടുതീ ഇപ്പോഴും സജീവമാണ്. ഇതേ തുടര്‍ന്ന് മിനസോട്ട മുതല്‍ മേരിലാന്‍ഡ് വരെയുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വായു മലിനീകരണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രംപിന്റെ പരാമര്‍ശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മറുപടി നല്‍കിയിരുന്നു.

കാട്ടുതീയുടെ പുകയെക്കുറിച്ച് പരാതിപ്പെടുന്നതിന് പകരം കാനഡയ്ക്ക് സഹായം നല്‍കുകയാണ് വേണ്ടതെന്ന് ഫോര്‍ഡ് പറഞ്ഞു. അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ കാനഡ നല്‍കിയ പിന്തുണ അദ്ദേഹം ഓര്‍മിപ്പിച്ചു.

പരാതിപ്പെടുന്നതിന് പകരം സഹായം അയക്കണമെന്നും അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് ദുരന്തസമയത്ത് തങ്ങള്‍ അങ്ങനെയാണ് ചെയ്തതെന്നും നല്ല അയല്‍രാജ്യങ്ങള്‍ ചെയ്യേണ്ടത് അതാണെന്നും ഫോര്‍ഡ് പറഞ്ഞു.

മിഷിഗണില്‍ നിന്നുള്ള നാല് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് കത്തയച്ച് കാട്ടുതീ നിയന്ത്രിക്കാന്‍ കാനഡ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അമേരിക്ക സ്വതന്ത്രമായി നടപടിയെടുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

റിപ്പബ്ലിക്കന്‍ അംഗമായ ടോം ബാരറ്റ്, കാനഡ കാട്ടുതീ നിയന്ത്രണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുവരെ ഗോര്‍ഡി ഹോവ് ഇന്റര്‍നാഷണല്‍ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കണമെന്ന് സാമൂഹിക മാധ്യമത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യയും രാഷ്ട്രീയ ഉപദേഷ്ടാവുമായ കാറ്റി മില്ലര്‍, കാനഡയിലെ കാട്ടുതീയുടെ ഭൂപടം പങ്കുവെച്ചുകൊണ്ട് 'ഇതുകൊണ്ടാണ് കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകേണ്ടത്' എന്ന കുറിപ്പും പങ്കുവെച്ചു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, അമേരിക്കന്‍ വിമര്‍ശനങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതില്‍ അമേരിക്കയും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അമേരിക്കന്‍ നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടില്ലെന്നും ചിലര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഡഗ് ഫോര്‍ഡ് വ്യക്തമാക്കി.

മസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മൗറ ഹീലി കാട്ടുതീ നിയന്ത്രണത്തിനായി എന്ത് സഹായമാണ് വേണ്ടതെന്ന് നേരിട്ട് അന്വേഷിച്ചതായി അദ്ദേഹം പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളെയും വാട്ടര്‍ ബോംബര്‍ വിമാനങ്ങളെയും ആവശ്യപ്പെട്ടതായും ഫോര്‍ഡ് അറിയിച്ചു.

മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിന്റെ അഭ്യര്‍ഥനപ്രകാരം കാട്ടുതീ മേഖലയില്‍ തടാകത്തില്‍ കുടുങ്ങിയ ക്യാമ്പര്‍മാരെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസും കനേഡിയന്‍ സായുധ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് കാനഡയുടെ എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രി എലീനോര്‍ ഒല്‍ഷെവ്സ്‌കി പ്രതികരിച്ചു.

കാട്ടുതീ അതിര്‍ത്തികള്‍ അറിയാത്ത ദുരന്തമാണെന്നും വനസംരക്ഷണ നടപടികളും ശക്തമായ അഗ്നിശമന സംവിധാനങ്ങളും വഴി കാനഡ ഉത്തരവാദിത്തത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.

അമേരിക്കയിലും കാനഡയിലും കാട്ടുതീ ഉണ്ടാകുമ്പോള്‍ പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും പരസ്പരം അഗ്നിശമന സേനയെയും മറ്റ് വിഭവങ്ങളെയും പങ്കുവെച്ച് സഹകരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.