റോം: ഇറ്റാലിയന്‍ ബഹിരാകാശ ഗവേഷകര്‍ ചന്ദ്രനില്‍ മനുഷ്യവാസ യോഗ്യമായ വലിയ ഗുഹ കണ്ടെത്തി. ഉപരിതലത്തില്‍ നിന്ന് പ്രവേശിക്കാനാകുന്ന തരത്തിലാണ് ഗുഹയുള്ളത്. ഈ ഗുഹയില്‍ ഭാവിയില്‍ മനുഷ്യന് താമസിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്പോളോ 11 ബഹിരാകാശയാത്രികരായ നീല്‍ ആംസ്ട്രോങ്ങും ബസ് ആല്‍ഡ്രിനും അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സീ ഓഫ് ട്രാന്‍ക്വിലിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് നിന്ന് 400 കിമീ അകലെ ഇറ്റാലിയന്‍ ഗവേഷക സംഘമാണ്, വലിയൊരു കുഴി കണ്ടെത്തിയത്. ഈ കുഴി ചന്ദ്രോപരിതലത്തിനടിയിലെ ഗുഹയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ താഴെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ ചന്ദ്രനില്‍ ഇത്തരം ചില കുഴികള്‍ കണ്ടെത്തിയിരുന്നു. അവ ഉപരിതലത്തിനടിയിലെ ഗുഹകളിലേക്കുള്ള പാതയായിരിക്കാം എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരീകരണമായിരിക്കുകയാണ്.
നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ റഡാര്‍ ഉപയോഗിച്ചാണ് ഈ ഗുഹയെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. ഇതിന് 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ നീളവും ഉണ്ട്. ഇത്തരത്തില്‍ നൂറുകണക്കിന് ഗര്‍ത്തങ്ങളും ആയിരക്കണക്കിന് ലാവാ ട്യൂബുകളും ചന്ദ്രനിലുണ്ടാകുമെന്നാണ് അനുമാനം.
ചന്ദ്രനില്‍ ഇറ്റാലിയന്‍ ഗവേഷകര്‍ വാസയോഗ്യമായ വലിയ ഗുഹ കണ്ടെത്തി
