ടെഹ്റാൻ: ആണവക്കരാറിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം സങ്കീർണമാകുന്നതായി റിപ്പോർട്ടുകൾ. ഇറാനെതിരേ തങ്ങളാണ് മേധാവിത്വം നേടിയിരിക്കുന്നതെന്ന അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, യു.എസ് മറ്റൊരു യുദ്ധത്തിന് തയ്യാറെടുപ്പിലാണെന്ന് ഇറാൻ ആരോപിച്ചു. സൈനിക നടപടികൾ പുനരാരംഭിക്കാൻ അവർ അവസരം തേടുകയാണ്. ഇറാൻ കീഴടങ്ങുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. യു.എസോ ഇസ്രയേലോ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ യുദ്ധം ഗൾഫ് മേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ശത്രുക്കൾ പശ്ചാത്തപിക്കേണ്ടി വരുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇറാനുമേൽ അമേരിക്ക മേൽക്കൈ നേടിയതായി അവകാശപ്പെട്ടത്. എന്നാൽ, സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് ധൃതിയില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി താൻ സൈനിക നീക്കം തടഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ വലിയ തോതിലുള്ള ആക്രമണത്തിന് സൈന്യം സജ്ജമാണെന്നും ട്രംപ് പറഞ്ഞു.
ഇറാനുനേരെ യു.എസ് നടത്തിയ സൈനികനീക്കം ഖത്തർ, സൗദി അറേബ്യ എന്നി രാജ്യങ്ങളിലെ ഭരണാധികാരികൾ ഇടപെട്ടതിനെ തുടർന്ന് നിർത്തിവെച്ചതായി കഴിഞ്ഞദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു. യു.എസിനും ഇറാനുമിടയിലെ സംഘർഷം അവസാനിപ്പിച്ച് കരാർ യാഥാർത്ഥ്യമാക്കാൻ കൂടുതൽ സമയം വേണമെന്ന് ഖത്തർ അറിയിക്കുകയും ചെയ്തിരുന്നു.
ശത്രുവിന് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാൻ; അമേരിക്ക ആക്രമിച്ചാൽ ഗൾഫ് മേഖലയ്ക്ക് പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കും
