സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തു

സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തു


തെഹ്റാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഹോര്‍മുസിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകള്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (ഐ ആര്‍ ജി സി) പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു. ഈ കപ്പലുകള്‍ ഇറാനിയന്‍ തീരത്തേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എം എസ് സി ഫ്രാന്‍സെസ്‌ക, എപാമിനോണ്ടാസ് എന്നീ കപ്പലുകളാണ് ഇറാന്‍ പിടിച്ചെടുത്തത്.

എപാമിനോണ്ടാസ് ദുബായിലെ ജബല്‍ അലി തുറമുഖത്ത് നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്നു. എപാമിനോണ്ടാസ് ലൈബീരിയന്‍ പതാകയും എം എസ് സി ഫ്രാന്‍സെസ്‌ക പനാമയുടെ പതാകയുമാണ് വഹിച്ചിരുന്നത്. ഗ്രീക്ക് ഉടമസ്ഥതയിലുള്ള യൂഫോറിയ എന്ന കപ്പലിനെയും ഇറാന്റെ തീരത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. രണ്ട് കപ്പലുകള്‍ക്ക് നേരെ ഐ ആര്‍ ജി സി വെടിവയ്പ് നടത്തുകയും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും വര്‍ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു കപ്പലിന്റെ സെന്‍ട്രല്‍ കമാന്‍ഡ് സെന്ററിനു കേടുപാടുകള്‍ സംഭവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബുധനാഴ്ച അനിശ്ചിതകാലത്തേയ്ക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും മേഖലയില്‍ സംഘര്‍ഷം തുടരുന്നതിന്റെ സൂചനയാണ് ഇത്.