പരിഹാരം സൈനികമല്ല; നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഇറാന്റെ സൂചന

പരിഹാരം സൈനികമല്ല; നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഇറാന്റെ സൂചന


തെഹ്‌റാന്‍: ആണവ പ്രശ്‌നത്തിന് പരിഹാരം സൈനികമല്ലെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചനയും നല്‍കി ഇറാന്‍. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി വാഷിംഗ്ടണുമായി കരാര്‍ ഉണ്ടാകാത്ത പക്ഷം ഇറാന്‍ പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്നാണ്.

ബോര്‍ഡ് ഓഫ് പീസ് ഉദ്ഘാടന യോഗത്തില്‍ സംസാരിച്ച ട്രംപ് അടുത്ത 10 ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ ഫലപ്രദമാകാത്ത പക്ഷം അമേരിക്ക കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പാക്കാന്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗതി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം ശക്തമായത്. ഇറാന്‍ ആണവ ബോംബ് വികസിപ്പിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ ഉപരോധങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

ട്രംപ് തന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജെറാള്‍ഡ് കുഷ്‌നറുമായും പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫുമായും കൂടിക്കാഴ്ച നടത്തി ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തി. വൈറ്റ് ഹൗസിലെ സിറ്റ്വേഷന്‍ റൂമില്‍ ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് സാധ്യതാപരമായ നടപടികള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് മധ്യത്തോടെ മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ യു എസ് സൈനിക ശക്തികളും പൂര്‍ണ്ണ സജ്ജമാകുമെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇതിനിടെ, യു എസ് എഫ്-35, എഫ്-22 പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജനുവരിയില്‍ ഇറാനിയന്‍ ജലപരിധിക്ക് സമീപം യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പല്‍ വിന്യസിച്ചിരുന്നു.

വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഇറാനെതിരായ ആക്രമണം പരിഗണിക്കുകയാണോ എന്ന ചോദ്യത്തിന് ട്രംപ് അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നായിരുന്നു മറുപടി നല്‍കിയത്. 10 മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കരാറിലെത്താന്‍ മതിയായ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് മുതല്‍ മൂന്ന് ദിവസത്തിനകം ആണവ കരാറിന്റെ കരട് യു എസിന് സമര്‍പ്പിക്കാന്‍ ഇറാന്‍ തയ്യാറായിരിക്കുമെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി വ്യക്തമാക്കിയത്. സാധ്യമായ കരാറിന്റെ കരട് തയ്യാറാക്കി മേല്‍നോട്ട അംഗീകാരം ലഭിച്ച ശേഷം അത് സ്റ്റീവ് വിറ്റ്‌കോഫിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.