വാഷിംഗ്ടണ്‍- തെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് റഷ്യ

വാഷിംഗ്ടണ്‍- തെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് റഷ്യ


മോസ്‌കോ: യു എസ്- ഇറാന്‍ സംഘര്‍ഷാവസ്ഥ ശക്തമാകുന്നതിനിടെ വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ചര്‍ച്ചാ പ്രക്രിയക്ക് റഷ്യ പിന്തുണ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജീ ലാവ്‌റോവ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ച്ചിയോട് മോസ്‌കോയുടെ നിലപാട് വ്യക്തമാക്കി.

ഇറാന്റെ നിയമാനുസൃത അവകാശങ്ങളെ മാനിച്ചുകൊണ്ട് ന്യായമായ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍  കണ്ടെത്തുന്നതിന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയില്‍ അറിയിച്ചു.

തെഹ്റാന്റെ അഭ്യര്‍ഥന പ്രകാരമാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന പരോക്ഷ യു എസ്- ഇറാന്‍ ചര്‍ച്ചകളുടെ ഫലങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റി നിലവിലെ സാഹചര്യം സംബന്ധിച്ച് ഇരുവരും അഭിപ്രായങ്ങള്‍ കൈമാറി. ഇരുരാജ്യങ്ങളുടെയും അജണ്ടയിലുള്ള ചില പരസ്പര താത്പര്യ വിഷയങ്ങളും ചര്‍ച്ചയായതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന രണ്ടാംഘട്ട പരോക്ഷ ചര്‍ച്ചകള്‍ ചൊവ്വാഴ്ച സമാപിച്ചിരുന്നു. മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇരുപക്ഷവും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്ന് അംഗീകരിച്ചിരുന്നു.

ജനീവ ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രക്രിയ ചില രീതിയില്‍ ഫലപ്രദമാണെന്ന് പറഞ്ഞെങ്കിലും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ സംബന്ധിച്ച് ഇറാന്‍ ഇതുവരെ സന്നദ്ധത കാണിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.

അറാഘ്ചി ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെന്നു വ്യക്തമാക്കി.

ഇതിനിടെ അമേരിക്ക മേഖലയില്‍ സൈനിക സാന്നിധ്യം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. യു എസ് എസ് എബ്രഹാം ലിങ്കണില്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് വിന്യസിച്ചിട്ടുണ്ട്. കൂടാതെ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എയര്‍ക്രാഫ്റ്റും മേഖലയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അധിക യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

ജൂണില്‍ 12 ദിവസത്തെ ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനിടെ മൂന്ന് ഇറാനിയന്‍ ആണവ നിലയങ്ങളില്‍ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടതിനു ശേഷം നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകളായിരുന്നു ജനീവയിലെത്. ആദ്യ ഘട്ടം ഫെബ്രുവരി ആറിന് ഒമാനിലെ മസ്‌കറ്റില്‍ നടന്നിരുന്നു.

അടുത്ത 10 ദിവസത്തിനുള്ളില്‍ ഇറാനുമായി കരാറിലെത്താന്‍ സാധ്യമാണോ എന്ന് വ്യക്തമാകുമെന്നും ചര്‍ച്ചകള്‍ പര്യാപ്തമാകാതിരുന്നാല്‍ വാഷിംഗ്ടണ്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇതിനുമുമ്പ് ക്രെംലിന്‍ ഇറാനെയും മേഖലയിലുള്ള മറ്റ് രാജ്യങ്ങളെയും പരമാവധി ആത്മസംയമനവും ജാഗ്രതയും പാലിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. നിലവിലെ സംഘര്‍ഷാവസ്ഥയെ അഭൂതപൂര്‍വമായത് എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.