വാഷിംഗ്ടൺ: അന്യഗ്രഹ ജീവികളും യുഎഫ്ഒകളുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പുറത്തുവിടാനുള്ള നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടും ഇത് പങ്കുവെച്ചു.
'പൊതു താൽപ്പര്യം വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ, എലിയൻ ജീവികൾ, അപരിചിത ആകാശ പ്രതിഭാസങ്ങൾ (UAP), യുഎഫ്ഒകൾ എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ തിരിച്ചറിയുകയും പുറത്തുവിടുകയും ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഞാൻ നിർദേശം നൽകും,' എന്നാണ് ട്രംപ് കുറിച്ചത്.
മുൻ പ്രസിഡന്റ് ബരാക് ഒബാമ'എലിയൻസ് യാഥാർഥ്യമാകാം' എന്ന പരാമർശം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. ഒബാമ രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ച് ആദ്യം വിമർശിച്ച ട്രംപ് പിന്നീട് ഫയലുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ ഈ നീക്കം എല്ലാവരും സ്വാഗതം ചെയ്തില്ല. അന്തരിച്ച ധനകാര്യ വ്യവസായി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട കോളിളക്കമുണ്ടാക്കി്യ ഫയലുകളെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ ശ്രമമാണോ എന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. എപ്സ്റ്റീൻ കേസിലെ രേഖകൾ കൈകാര്യം ചെയ്ത രീതിയെ കുറിച്ച് ട്രംപ് ഭരണകൂടം കടുത്ത വിമർശനങ്ങൾ നേരിടുന്ന സാഹചര്യമുണ്ട്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട രേഖകളെക്കുറിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിയെ നിയമനിർമ്മാതാക്കൾ ചോദ്യം ചെയ്തിരുന്നു.
'പൊതു താൽപ്പര്യത്തിനായി ഫയലുകൾ പുറത്തുവിടുകയാണെങ്കിൽ, എപ്സ്റ്റീൻ ഫയലുകളും മുഴുവനായി പുറത്തുവിടേണ്ടതായിരുന്നു,' എന്ന അഭിപ്രായവും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു. ചിലർ ഇത് 'ശ്രദ്ധതിരിച്ചുവിടൽ' മാത്രമാണെന്നും ആരോപിച്ചു.
അതേസമയം, എപ്സ്റ്റീൻ രേഖകളിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും താൻ പൂർണ്ണമായി കുറ്റവിമുക്തനായതായി ട്രംപ് വ്യക്തമാക്കി. യുകെയിലെ മുൻ പ്രിൻസ് ആൻഡ്രുവിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കവെ, അത് 'ദുഃഖകരമായ സംഭവം' ആണെന്നും ട്രംപ് പറഞ്ഞു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, 'എനിക്ക് യാതൊരു ബന്ധവുമില്ല, ഞാൻ പൂർണ്ണമായി കുറ്റവിമുക്തനാണ്,' എന്നാണ് അദ്ദേഹം നൽകിയ മറുപടി.
ട്രംപിന്റെ പുതിയ പ്രഖ്യാപനം അമേരിക്കൻ രാഷ്ട്രീയരംഗത്ത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
യുഎഫ്ഒ ഫയലുകൾ പുറത്തുവിടാൻ ഉത്തരവിട്ടെന്ന് ട്രംപ്; എപ്സ്റ്റീൻ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സംശയം
