ഗതാഗതക്കുരുക്കില്‍പ്പെട്ടു; യു എസ് ടെക് സി ഇ ഒയ്ക്ക് നഷ്ടമായത് പ്രധാനമന്ത്രിയുടെ എഐ സമ്മിറ്റ് ഗാല

ഗതാഗതക്കുരുക്കില്‍പ്പെട്ടു; യു എസ് ടെക് സി ഇ ഒയ്ക്ക് നഷ്ടമായത് പ്രധാനമന്ത്രിയുടെ എഐ സമ്മിറ്റ് ഗാല


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആതിഥേയത്വം വഹിച്ച ഉന്നതതല പ്രൊഫൈല്‍ ഗാലാ ഡിന്നറില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ ടെക്നോളജി രംഗത്തെ പ്രമുഖ സി ഇ ഒ ഡല്‍ഹിയിലെ കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകാതെ മടങ്ങി.


എഐ ഗവേഷകയും അഡാപ്ഷന്‍ ലാബ്‌സ് സഹസ്ഥാപകയും സി ഇ ഒയുമായ സാറ ഹുക്കറിനാണ് പരിപാടി നഷ്ടമായത്. ഭാരത് മണ്ഡപം വേദിയില്‍ നടന്ന ഗാലാ ഡിന്നറിലേക്ക് ഇറങ്ങിയ സാറ നാലു മണിക്കൂറോളമാണ് ഗതാഗതക്കുരുക്കില്‍ പെട്ടത്. ഒടുവില്‍ അവര്‍ ഹോട്ടലിലേക്ക് മടങ്ങിയതായി സാറ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.  പ്രധാനമന്ത്രിയോടൊപ്പമുള്ള ഔദ്യോഗിക വിരുന്നിനുപകരം ഹോട്ടല്‍ റൂം സര്‍വീസോടെ രാത്രി അവസാനിപ്പിക്കേണ്ടി വന്നുവെന്ന് അവര്‍ കുറിച്ചു.

ദിവസം മുഴുവന്‍ ഇന്ത്യ എഐ ഇംപാക്ട് സമിറ്റിലെ വിവിധ സെഷനുകളില്‍ പങ്കെടുത്തതിന് ശേഷം ഔദ്യോഗിക വേഷം ധരിക്കാന്‍ ഹോട്ടലിലേക്ക് മടങ്ങിയതായും ജീന്‍സ് മാറ്റി ഗാലാ വസ്ത്രം ധരിച്ചിരുന്നുവെന്നും അവര്‍ അറിയിച്ചു. എന്നാല്‍ വേദിക്കു സമീപം ഉണ്ടായ ഗതാഗതക്കുരുക്ക് പദ്ധതികള്‍ തകര്‍ത്തു. ക്ഷണം ലഭിച്ചിരുന്നെങ്കിലും ട്രാഫിക് കാരണം സമയത്ത് എത്താനായില്ലെന്ന് അവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷം അവര്‍ തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

അന്ന് രാത്രി 11 മണിയോടെ ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ഇന്ത്യന്‍ ഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ച്, പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെങ്കില്‍ സന്തോഷമുണ്ടായേനെയെങ്കിലും വൈകിയെങ്കിലും ശാന്തമായി ഭക്ഷണം കഴിക്കാനായതില്‍ നന്ദിയുണ്ടെന്ന് അവര്‍ രേഖപ്പെടുത്തി.

ഭാരത് മണ്ഡപം പരിസരത്ത് വി ഐ പി യാത്രയ്ക്കായി റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് സമീപത്തെ മെട്രോ സേവനവും നിര്‍ത്തിവെച്ചിരുന്നു. ടാക്‌സികള്‍ക്കും വേദിക്ക് സമീപം പ്രവേശനം നിയന്ത്രിച്ചതോടെ നിരവധി അതിഥികള്‍ ദൂരങ്ങളില്‍ നിന്ന് നടന്നു വരേണ്ടി വന്നു. 

നിര്‍മിത ബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാറ ഹുക്കര്‍ എല്‍ എല്‍ എമുകള്‍, മെഷീന്‍ ലേണിംഗിലെ ആല്‍ഗോരിതമിക് ബയസ്, ഫെയര്‍നെസ്, വലിയ തോതിലുള്ള മോഡല്‍ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് ഗവേഷണം ചെയ്യുന്നത്. 

2025-ലാണ് അവര്‍ അഡാപ്ഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയായത്. തുടര്‍ച്ചയായ റിയല്‍-ടൈം പഠന ശേഷിയുള്ള കാര്യക്ഷമമായി സ്വയം പൊരുത്തപ്പെടുന്ന എ ഐ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

നേരത്തെ അവര്‍ കോഹിയര്‍ കമ്പനിയില്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റായിരുന്നു. കമ്പനിയുടെ ഗവേഷണ വിഭാഗമായ കോഹിയര്‍ ഫോര്‍ എ ഐക്ക് നേതൃത്വം നല്‍കി. ഉയര്‍ന്നുവരുന്ന ഗവേഷകരെ പിന്തുണയ്ക്കുന്നതിനായി കോഹിയര്‍ ഫോര്‍ എഐ സ്‌കോളേഴ്‌സ് പ്രോഗ്രാം ആരംഭിക്കുകയും ചെയ്തു.


2023-ല്‍ ഫോര്‍ച്യൂണ്‍ മാസിക എഐ രംഗത്തെ 13 പ്രമുഖ നവോഥാന നേതാക്കളില്‍ ഒരാളായി അവരെ തിരഞ്ഞെടുത്തു. കൂടാതെ 2024-ല്‍ ടൈം മാസികയുടെ എഐ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിലും അവര്‍ ഇടം നേടിയിരുന്നു.