ന്യൂഡൽഹി: രാജ്യത്ത് സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിസ്ഥിതി സൃഷ്ടിക്കാൻ അടുത്ത ഏഴ് വർഷത്തിനിടെ 10 ലക്ഷം കോടി ( 10 ട്രില്യൻ രൂപ) നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് റിലയൻസ് ഇൻഡ്‌സ്ട്രീസ് ചെയർമാനും എംഡിയുമായ അംബാനി ഈ വമ്പൻ പദ്ധതികൾ വിശദീകരിച്ചത്.
'വാടകയ്ക്ക് ഇന്റലിജെൻസ് എടുക്കുന്നത് ഇന്ത്യക്ക് താങ്ങാൻ കഴിയില്ല' എന്ന് വ്യക്തമാക്കിയ അംബാനി, ഡേറ്റയുടെ ചെലവ് കുറച്ചതുപോലെ തന്നെ എഐയുടെ ചെലവും ഗണ്യമായി കുറയ്ക്കുമെന്ന് പറഞ്ഞു. ഇതിന്റെ ഭാഗമായി ജിയോ ഇന്റലിജൻസ് മൂന്ന് പ്രധാന പദ്ധതികളിലൂടെ സ്വയംപര്യാപ്തമായ കംപ്യൂട്ട് അടിസ്ഥാന സൗകര്യം സൃഷ്ടിക്കും.
ആദ്യഘട്ടത്തിൽ, ജിഗാവാട്ട് ശേഷിയുള്ള വൻ ഡേറ്റ സെന്ററുകൾ സ്ഥാപിക്കും. ഗുജറാത്തിലെ ജാംനഗറിൽ മൾട്ടിജിഗാവാട്ട് ശേഷിയുള്ള എഐ സജ്ജ സൗകര്യങ്ങൾ നിർമാണത്തിലാണ്. 2026 രണ്ടാം പാദത്തോടെ 120 മെഗാവാട്ട് ശേഷി പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് എഐ പരിശീലനത്തിനും വൻതോതിലുള്ള ഇൻഫറൻസിനും വഴിയൊരുക്കും.
രണ്ടാമതായി, എഐയുടെ വലിയ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കച്ച്, ആന്ധ്രാപ്രദേശ് മേഖലകളിൽ സൗരോർജ പദ്ധതികൾ ആസ്പദമാക്കി 10 ജിഗാവാട്ട് വരെ ഹരിത വൈദ്യുതി ഉറപ്പാക്കും.
മൂന്നാമതായി, ജിയോയുടെ രാജ്യവ്യാപക ശൃംഖലയുമായി ബന്ധിപ്പിച്ച എഡ്ജ് കംപ്യൂട്ട് സംവിധാനം ഒരുക്കും. ഇതിലൂടെ കിരാണ സ്റ്റോറുകൾ, ക്ലിനിക്കുകൾ, ക്ലാസ് മുറികൾ, കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുറഞ്ഞ വൈകല്യത്തോടെ എഐ സേവനങ്ങൾ ലഭ്യമാക്കാനാകും.
ഇത് വെറും മൂല്യനിർണയം ഉയർത്താൻ വേണ്ടിയുള്ള നിക്ഷേപമല്ലെന്നും, ദീർഘകാല സാമ്പത്തിക മൂല്യവും ദേശീയ ശക്തിയും ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്വപരമായ നീക്കമാണിതെന്നും അംബാനി പറഞ്ഞു. കംപ്യൂട്ട് ശേഷിയുടെ കുറവും ഉയർന്ന ചെലവും എഐ വികസനത്തിലെ പ്രധാന തടസ്സങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ തൊഴിൽ നഷ്ടപ്പെടുത്തുകയല്ല, മറിച്ച് ഉയർന്ന കഴിവുകളുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സ്റ്റാർട്ടപ്പുകൾ, ഐഐടികൾ, ഐഐഎസ്‌സി, ഗവേഷണ സ്ഥാപനങ്ങൾ, നിർമ്മാണം, ലജിസ്റ്റിക്‌സ്, എനർജി, ഫിനാൻസ്, റീട്ടെയിൽ, കാർഷികം, ആരോഗ്യ മേഖലകളിലെ വ്യവസായ കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ച് ശക്തമായ എഐ പരിസ്ഥിതി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യാ ശക്തി, ജനാധിപത്യം, ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ഡേറ്റ സൃഷ്ടി എന്നിവയിലൂടെ ഇന്ത്യ ലോകത്തിലെ മുൻനിര എഐ ശക്തികളിലൊന്നായി മാറുമെന്ന് അംബാനി പ്രവചിച്ചു. ഭാഷാ വൈവിധ്യം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും എഐ വികസിപ്പിക്കൽ, ഡേറ്റ സുരക്ഷയും വിശ്വാസവും ഉറപ്പാക്കൽ, ചെറുകിട വ്യാപാരികളും കർഷകരും ഉൾപ്പെടുന്ന മേഖലകളിൽ ഉൽപാദനക്ഷമത വർധിപ്പിക്കൽ എന്നിവയാണ് ജിയോ ഇന്റലിജൻസിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് എഐ പരിസ്ഥിതി സൃഷ്ടിക്കാൻ ഏഴ് വർഷംകൊണ്ട് 10 ലക്ഷം കോടി നിക്ഷേപം പ്രഖ്യാപിച്ച് റിലയൻസ്
