ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിന് ജീവപര്യന്തം തടവ്

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിന് ജീവപര്യന്തം തടവ്


സിയോള്‍: ദക്ഷിണ കൊറിയയില്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റായ യൂന്‍ സൂക് യോള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയില്‍ ദേശീയ അസംബ്ലി മരവിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കമായിരുന്നു മാര്‍ഷല്‍ ലോ പ്രഖ്യാപനമെന്ന് കോടതി വിലയിരുത്തി.

മാര്‍ഷല്‍ ലോ നടപ്പാക്കാന്‍ ശ്രമിക്കുകയും നിയമസഭ വളയാന്‍ സൈന്യത്തെ അയയ്ക്കുകയും ചെയ്തതിന്റെ പേരില്‍ യൂണിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. അധികാര ദുരുപയോഗം നടത്തിയതിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി അറിയിച്ചു. 2024 ഡിസംബര്‍ 3-ന് നടന്ന ഈ നടപടി രാജ്യത്ത് ഏറ്റവും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു.

സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ജീ ക്വി-യുന്‍ ആണ് വിധി പ്രസ്താവിച്ചത്. കോടതിക്ക് പുറത്ത് നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. യൂണിനെ വഹിച്ചുള്ള ജയില്‍ വണ്ടി കടന്നുപോകുമ്പോള്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ കോടതി സമുച്ചയത്തിന് പുറത്ത് ഒന്നിച്ചുകൂടിയിരുന്നു. അതേസമയം വിമര്‍ശകര്‍ മുന്‍ പ്രസിഡന്റിന് മരണ ശിക്ഷയാണ് ആവശ്യപ്പെട്ടത്.

ദേശീയ അസംബ്ലിയെ പ്രത്യേക കാലയളവില്‍ മരവിപ്പിക്കുകയെന്നതായിരുന്നു ഉദ്ദേശമെന്ന് ജഡ്ജി പറഞ്ഞു. മാര്‍ഷല്‍ ലോ പ്രഖ്യാപനം വന്‍ സാമൂഹിക ചെലവുകള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതി ഇതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന സൂചന കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ മാര്‍ഷല്‍ ലോ ഒരു വര്‍ഷം മുമ്പ് തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്ന പ്രോസിക്യൂഷന്റെ ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

മാര്‍ഷല്‍ ലോ പ്രഖ്യാപിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ 2024 ഡിസംബര്‍ 14ന് പാര്‍ലമെന്റ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തതോടെ യൂണ്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. തുടര്‍ന്ന് 2025 ഏപ്രിലില്‍കൊറിയന്‍ ഭരണഘടനാ കോടതി ഔദ്യോഗികമായി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി.

യൂണിന്റെ പ്രതിരോധ മന്ത്രിയായ കിം യോങ്-ഹ്യുന്‍ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തി. അദ്ദേഹത്തിന് 30 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

2024 ഡിസംബര്‍ 3-ന് രാത്രിയാണ് ഏകദേശം 50 വര്‍ഷത്തിനുശേഷം ആദ്യമായി ദക്ഷിണ കൊറിയയില്‍ യൂണ്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചത്. രാജ്യവിരുദ്ധ ശക്തികള്‍ എന്നും വടക്കന്‍ കൊറിയയില്‍ നിന്നുള്ള ഭീഷണികളെന്നും ചൂണ്ടിക്കാട്ടിയാണ് മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചത്. 

എന്നാല്‍ അദ്ദേഹത്തിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പി പി പി) നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍ ഈ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിമര്‍ശിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്തു പൗരന്മാര്‍ പ്രതിഷേധിച്ചു. എം പിമാര്‍ മാര്‍ഷല്‍ ലോക്കെതിരെ വോട്ടുചെയ്തു.

കൊറിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജെ-മ്യങിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഇംപീച്ച്പ്രമേയം ഡിസംബര്‍ 14ന് പാസായി.