കൊച്ചി: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. ബാബു അറിയിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് പാർട്ടിയിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇത്തവണ മത്സരരംഗത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
1991 മുതൽ തൃപ്പൂണിത്തുറയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ വിജയിച്ച ബാബു, 2016ൽ സിപിഎമ്മിലെ എം. സ്വരാജിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ സ്വരാജിനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. ആകെ ഏഴ് തവണ മണ്ഡലത്തിൽ മത്സരിച്ച ബാബു ആറുതവണ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
1991ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസിനെ 4,946 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അദ്ദേഹം ആദ്യമായി എംഎൽഎയായത്. തുടർന്ന് 1996ൽ ഗോപി കോട്ടമുറിക്കൽ, 2001ൽ കെ. ചന്ദ്രൻ പിള്ള, 2006ൽ കെ.എൻ. രവീന്ദ്രനാഥ്, 2011ൽ സി.എം. ദിനേശ്മണി എന്നിവരെ പരാജയപ്പെടുത്തി തൃപ്പൂണിത്തുറയിൽ ശക്തമായ നില ഉറപ്പിച്ചു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്, തുറമുഖം, ഫിഷറീസ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. 1979-80 കാലഘട്ടത്തിൽ അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായും, ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായും അദ്ദേഹം ശ്രദ്ധ നേടി.
ദീർഘകാല രാഷ്ട്രീയ യാത്രയ്ക്കു ശേഷം കെ. ബാബുവിന്റെ ഈ തീരുമാനം തൃപ്പൂണിത്തുറയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
നിയമസഭാ പോരാട്ടത്തിൽ നിന്ന് പിന്മാറി കെ. ബാബു; തൃപ്പൂണിത്തുറയിൽ പുതുമുഖത്തിന് വഴിയൊരുങ്ങും
