ട്രംപിന്റെ സമാധാന സമിതിയിലേക്കുള്ള ക്ഷണം വത്തിക്കാൻ നിരസിച്ചു; ഐക്യരാഷ്ട്രസഭയുടെ പങ്ക് നിർണായകമെന്ന് സൂചന

ട്രംപിന്റെ സമാധാന സമിതിയിലേക്കുള്ള ക്ഷണം വത്തിക്കാൻ നിരസിച്ചു; ഐക്യരാഷ്ട്രസഭയുടെ പങ്ക് നിർണായകമെന്ന് സൂചന


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' പദ്ധതിയിൽ ചേരാനുള്ള ക്ഷണം വത്തിക്കാൻ ഔദ്യോഗികമായി നിരസിച്ചു. ഗാസ പുനർനിർമാണ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ആദ്യം രൂപകൽപ്പന ചെയ്ത ഈ ബോർഡ് പിന്നീട് ആഗോള സമാധാന വേദിയാക്കി വിപുലീകരിച്ചതാണ്. എന്നാൽ ബോർഡിന്റെ ഘടനയെയും പ്രവർത്തന പരിധിയെയും കുറിച്ച് ആശങ്കകളുണ്ടെന്ന സൂചനയാണ് വത്തിക്കാൻ നൽകുന്നത്.

വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയത്രോ പരോളിൻ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി നിയന്ത്രണം പ്രധാനമായും യുണൈറ്റഡ് നേഷൻ മുഖേന തന്നെ നടക്കേണ്ടതാണെന്ന നിലപാട് ആവർത്തിച്ചു. നിർദേശിച്ചിരിക്കുന്ന ബോർഡിൽ പരിഹരിക്കപ്പെടേണ്ട നിർണായക വിഷയങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് അധ്യക്ഷനായ ഈ ബോർഡിൽ അംഗങ്ങളെ നിയമിക്കുന്നതും അജണ്ട നിശ്ചയിക്കുന്നതും സാമ്പത്തിക കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതും പ്രസിഡന്റിന് തന്നെ അധികാരമായിരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ ഘടന അന്താരാഷ്ട്ര സംവിധാനങ്ങളെ പിന്നിലാക്കുമെന്ന ആശങ്ക പല രാജ്യങ്ങളും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടൻ, ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങൾ ക്ഷണം നിരസിച്ചതായി അറിയുന്നു. ഇറ്റലിയും യൂറോപ്യൻ യൂണിയനും നിരീക്ഷകരായി പങ്കെടുക്കാമെന്ന നിലപാടിലാണ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ, ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ എന്നിവർക്ക് ക്ഷണം നൽകിയതും വിവാദങ്ങൾക്ക് വഴിവെച്ചു.

ഇതിനിടെ വത്തിക്കാന്റെ തീരുമാനത്തെ 'ദുഃഖകരം' എന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. സമാധാന ശ്രമങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ബോർഡിന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈൻ ലെവിറ്റ് പ്രതികരിച്ചു.

ഈ ആഴ്ച വാഷിംഗ്ടണിൽ ബോർഡിന്റെ ആദ്യ യോഗം ചേരുമെന്നാണ് വിവരം. വത്തിക്കാന്റെ നിരസനം ആഗോള നയതന്ത്ര വൃത്തങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ഇടയാക്കുന്നുവെന്നതാണ് സൂചന.