എഐ ഉച്ചകോടിയിൽ ചൈനീസ് റോബോഡോഗ് വിവാദം; ഗൽഗോത്യാസ് സർവകലാശാല സ്റ്റാൾ ഒഴിഞ്ഞു

എഐ ഉച്ചകോടിയിൽ ചൈനീസ് റോബോഡോഗ് വിവാദം; ഗൽഗോത്യാസ് സർവകലാശാല സ്റ്റാൾ ഒഴിഞ്ഞു


ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമിറ്റിനിടെ ചൈനീസ് റോബോ ഡോഗ് വിവാദം ചൂടുപിടിച്ചതിനെ തുടർന്ന് ഗ്രേറ്റർ നോയിഡയിലെ ഗൽഗോത്യാസ് യൂണിവേഴ്‌സിറ്റി  സ്റ്റാൾ ഒഴിഞ്ഞു. ബുധനാഴ്ച സർവകലാശാലയുടെ സ്റ്റാഫും വിദ്യാർത്ഥികളും സ്റ്റാളിൽ നിന്നു പുറത്തേക്കു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്റ്റാളിലെ വൈദ്യുതി വിതരണം നിലച്ചതായും ദൃശ്യങ്ങളിൽ കാണപ്പെട്ടു.

ചൈനീസ് കമ്പനിയായ യൂണിട്രി റോബോടിക്‌സ് നിർമ്മിച്ച റോബോഡോഗിനെ സർവകലാശാല സ്വന്തമായി വികസിപ്പിച്ചതായി അവതരിപ്പിച്ചുവെന്ന ആരോപണമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. 'ഒറിയൺ' എന്ന പേരിൽ പ്രദർശിപ്പിച്ച റോബോഡോഗിനെ കുറിച്ച് പ്രൊഫസർ നെഹാ സിങ് 'ഗൽഗോത്യാസ് സർവകലാശാലയുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചതാണ്' എന്നു പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

തുടർന്ന്, ഓൺലൈനിൽ പരിശോധിച്ച ചിലർ ഇത് യുണിട്രിയുടെ ഉൽപ്പന്നമാണെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ 'ദേശീയ അപമാനം' ഉണ്ടാക്കിയെന്നാരോപിച്ച് സ്റ്റാൾ ഒഴിയാൻ നിർദ്ദേശിച്ചതായും ചില വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കി.

'റോബോഡോഗ് ഞങ്ങൾ നിർമിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ആധുനിക സാങ്കേതികവിദ്യകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം,' എന്നാണ് സർവകലാശാലയുടെ വിശദീകരണം. പ്രചാരണ ക്യാമ്പയിൻ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.