ജനീവ: ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട പരോക്ഷ ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരുവിഭാഗവും പറഞ്ഞെങ്കിലും, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള പിരിമുറുക്കം തുടരുകയാണ്.
പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം കൂടി ശക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 50ൽ അധികം എഫ് 35, എഫ്22, എഫ് 16 യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനുമുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു.
ചർച്ചകൾ 'ഗൗരവമേറിയതും നിർമാണാത്മകവും പോസിറ്റീവുമായതായിരുന്നു' എന്ന് ചർച്ചകൾക്കുശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി പറഞ്ഞു. ഭാവിയിലെ കരാറിന് വഴിയൊരുക്കുന്ന ചില അടിസ്ഥാന ധാരണകൾ കൈവരിച്ചിട്ടുണ്ടെന്നും, എന്നാൽ ഉടൻ കരാർ പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ് അധികൃതർ ചർച്ചകൾ 'പ്രതീക്ഷിച്ചതുപോലെ' തന്നെ ആയിരുന്നു എന്ന നിലപാടിലാണ്.
പിരിമുറുക്കത്തിനിടയിൽ ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. നാവിക അഭ്യാസത്തിന്റെ ഭാഗമായി ചില മണിക്കൂറുകൾ കടലിടുക്കിന്റെ ഭാഗങ്ങൾ അടച്ചിടുമെന്നാണ് വിശദീകരണം.
ഇതിനിടെ, പ്രസിഡന്റ് നിശ്ചയിച്ച ചില 'റെഡ് ലൈനുകൾ' ഇറാൻ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് തടയുക എന്നതാണ് യുഎസിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനീവ ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും പശ്ചിമേഷ്യയിൽ യുദ്ധവിമാന വിന്യാസം ശക്തമാക്കി യുഎസ്; പിരിമുറുക്കം തുടരും
