ഐസ് ഹോക്കി റിങ്കിൽ വെടിവെപ്പ്: മുൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്തു

ഐസ് ഹോക്കി റിങ്കിൽ വെടിവെപ്പ്: മുൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ  പ്രതി ആത്മഹത്യ ചെയ്തു


പാവ്ടക്കറ്റ് (റോഡ് ഐലൻഡ്): റോഡ് ഐലൻഡിലെ ഡെന്നിസ് എം. ലിഞ്ച് അരീനയിൽ മുൻ ഭാര്യയെയും പ്രായപൂർത്തിയായ മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിച്ചു. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. റോബർട്ട് ഡോർഗൻ (56) എന്നയാളാണ് വെടിവെപ്പ് നടത്തിയത്. പ്രതി റോബർട്ട എസ്‌പോസിറ്റോ എന്ന പേരിലും അറിയപ്പെടുന്നയാളാണെന്ന് പാവ്ടക്കറ്റ് പൊലീസ് അറിയിച്ചു. 
ഡോർഗന്റെ മുൻ ഭാര്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രായപൂർത്തിയായ മകൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മുൻ ഭാര്യയുടെ മാതാപിതാക്കളും കുടുംബ സുഹൃത്തുമാണ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്.
കുടുംബം അവരുടെ കൗമാരപ്രായമുള്ള മകന്റെ ഐസ് ഹോക്കി മത്സരം കാണുന്നതിനിടെയായിരുന്നു ആക്രമണം. 'ലക്ഷ്യമിട്ട ആക്രമണമായിരുന്നു. കുടുംബാംഗങ്ങളെ വ്യക്തിപരമായി സമീപിച്ചാണ് വെടിവെച്ചത്,' പൊലീസ് ചീഫ് പറഞ്ഞു. സമീപവാസികൾ ഇടപെട്ട് പ്രതിയെ പിടിച്ചുനിർത്തുന്നതിനിടെയാണ് ഇയാൾ രണ്ടാമത്തെ തോക്ക് പുറത്തെടുത്ത് സ്വയം വെടിവെച്ച് മരിച്ചത്.

സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. കുടുംബത്തിലോ സുഹൃത്തുക്കളിലോ മുൻകൂട്ടി അക്രമസൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ രണ്ട് കൈത്തോക്കുകളും നിയമപരമായി വാങ്ങിയതാണെന്നും അധികൃതർ അറിയിച്ചു.