റഫാൽ യുദ്ധവിമാനങ്ങളിൽ കൂടുതൽ തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തണം: ഫ്രാൻസിനോട് ഇന്ത്യ

റഫാൽ യുദ്ധവിമാനങ്ങളിൽ കൂടുതൽ തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തണം: ഫ്രാൻസിനോട് ഇന്ത്യ


ന്യൂഡൽഹി: പുതിയ റഫാൽ യുദ്ധവിമാനങ്ങളിൽ പരമാവധി തദ്ദേശീയ ഉള്ളടക്കം ഉൾപ്പെടുത്തണമെന്ന് ഫ്രാൻസിനോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്‌യും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാത്രിൻ വാത്രിൻയും തമ്മിൽ നടന്ന ആറാമത് വാർഷിക ഇന്ത്യ-ഫ്രാൻസ് പ്രതിരോധ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ചർച്ചയായത്. ബെംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും 10 വർഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാർ പുതുക്കി. ഫ്രഞ്ച് സാങ്കേതികവിദ്യയിലുള്ള മിസൈലുകൾ ഇന്ത്യയിൽ നിർമിക്കാൻ കരാറും സൈനിക ഉദ്യോഗസ്ഥരെ പരസ്പരം നിയോഗിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. സൈനിക ഉപകരണങ്ങളുടെ സംയുക്ത വികസനവും നിർമാണവും, നൂതന സാങ്കേതികവിദ്യകളിൽ വ്യവസായ സഹകരണവും ശക്തിപ്പെടുത്താനും ധാരണയായി.

ഇതിനിടെ, പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ 3.6 ലക്ഷം കോടി രൂപയുടെ സൈനികോപകരണങ്ങൾ വാങ്ങുന്നതിനുള്ള അനുമതി നൽകിയിരുന്നു. ഇതിൽ ഫ്രാൻസിൽ നിന്നുള്ള 114 റഫാൽ യുദ്ധവിമാനങ്ങളും ഉൾപ്പെടും. ഇതിൽ 18 വിമാനം നേരിട്ട് വാങ്ങുകയും ബാക്കി 96 ഇന്ത്യയിൽ നിർമിക്കുകയുമാണ് പദ്ധതി. ഇന്ത്യയിൽ നിർമിക്കുന്ന റഫാലുകളിൽ 50-60 ശതമാനം വരെ തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് ഇന്ത്യ.

റഫാൽ ഇടപാട് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ടെൻഡർ, സാങ്കേതിക ചർച്ചകൾ, ചെലവു നിശ്ചയം, കാബിനറ്റ് സമിതിയുടെ അന്തിമ അംഗീകാരം എന്നിവ ഇനി പൂർത്തിയാകേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനിടെ, ഡിആർഡിഒയും ഫ്രാൻസിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെന്റ്‌സും ചേർന്ന് പ്രതിരോധ ഗവേഷണ സഹകരണം ശക്തമാക്കാനുള്ള കരാറും ഒപ്പുവച്ചിരുന്നു. വ്യോമയാനം, ഡ്രോണുകൾ, സൈബർ സുരക്ഷ, കൃത്രിമ ബുദ്ധി, ബഹിരാകാശം, സെൻസർ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് സഹകരണം.

ഹാമർ മിസൈൽ ഇന്ത്യയിൽ നിർമിക്കാൻ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും സാഫ്രാൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഡിഫൻസും ചേർന്ന് സംയുക്ത സംരംഭത്തിനുള്ള ധാരണാപത്രവും ഒപ്പുവച്ചു. റഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഈ മിസൈൽ നേരത്തെ ഇന്ത്യൻ വ്യോമസേനയുടെ ദൗത്യങ്ങളിൽ ഉപയോഗിച്ചിരുന്നു.

ഭീകരവാദ വിഷയത്തിൽ സംസാരിച്ച രാജ്‌നാഥ് സിംഗ്, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാട് മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് കർണാടകയിലെ എച്ച്125 ഹെലികോപ്റ്ററിന്റെ അവസാന അസംബ്ലി ലൈനും ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എയർബസ് ഹെലികോപ്റ്ററ്റേള്‌സും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ചേർന്നാണ് ഇന്ത്യയിലെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി ലൈൻ സ്ഥാപിച്ചത്. 2027ൽ ആദ്യ ഹെലികോപ്റ്റർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.