സ്വത്തു നികുതി 10% വരെ കൂട്ടുമെന്ന മുന്നറിയിപ്പ്; ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിയുടെ നീക്കം വിവാദത്തിൽ

സ്വത്തു നികുതി 10% വരെ കൂട്ടുമെന്ന മുന്നറിയിപ്പ്; ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിയുടെ നീക്കം വിവാദത്തിൽ


ന്യൂയോർക്ക്: അധിക ധനസഹായം ലഭിക്കാത്ത പക്ഷം സ്വത്തു നികുതി ഏകദേശം 10 ശതമാനം വരെ വർധിപ്പിക്കാമെന്ന മുന്നറിയിപ്പുമായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനി രംഗത്ത്. സംസ്ഥാന ഗവർണർ കാത്തി ഹോക്കുൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 'അവസാന വഴിയെന്ന' നിലയിലാണ്  അദ്ദേഹത്തിന്റെ പ്രഖ്യാപനം.

എന്നാൽ കമ്പനികൾക്കും സമ്പന്നർക്കും അധിക നികുതി ചുമത്തില്ലെന്ന നിലപാടിൽ ഗവർണർ ഹോക്കുൽ ഉറച്ചുനിൽക്കുകയാണ്. നവംബർ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് വലിയ നികുതി വർധനവുകൾക്കില്ലെന്ന നിലപാട് അവർ ആവർത്തിച്ചു. നഗരസഭാ കൗൺസിൽ നേതൃത്വവും സ്വത്തു നികുതി വർധനവിനെതിരെ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. പ്രമേയം നടപ്പാക്കാൻ കൗൺസിലിന്റെ അനുമതി നിർബന്ധമാണ്.

127 ബില്യൺ ഡോളർ ബജറ്റ്; വാഗ്ദാനങ്ങൾ സമ്മർദ്ദത്തിൽ

മംദാനി അവതരിപ്പിച്ച 127 ബില്യൺ ഡോളർ ചെലവുപദ്ധതി നഗരത്തിലെ ധനകാര്യ യാഥാർഥ്യങ്ങൾ വെളിവാക്കുന്നതായി വിലയിരുത്തപ്പെടുന്നു. സൗജന്യ ശിശുപാലനം, സൗജന്യ ബസ് സർവീസ്, വാടക നിരക്കുകൾ മരവിപ്പിക്കൽ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ സംസ്ഥാന സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ബജറ്റ് തുല്യത ഉറപ്പാക്കാൻ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ മറ്റൊരു വഴിയില്ലെങ്കിൽ നിർബന്ധിതരാകും,' എന്ന് മംദാനി പറഞ്ഞു. ഗവർണർ 1.5 ബില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നാണ് മേയറുടെ നിലപാട്.

30 ലക്ഷത്തിലധികം വീടുകൾക്ക് ബാധകം

സ്വത്തുവക നികുതി വർധിപ്പിച്ചാൽ 30 ലക്ഷത്തിലധികം വീടുകൾക്കും ഒരു ലക്ഷത്തിലധികം വ്യാപാര സ്ഥാപനങ്ങൾക്കും ബാധകമാകും. റിയൽ എസ്റ്റേറ്റ് മേഖലയിലും ചില ഡെമോക്രാറ്റിക് കൗൺസിൽ അംഗങ്ങളിലും നിന്ന് ശക്തമായ എതിർപ്പ് ഉയർന്നു. 'നികുതി സംവിധാനത്തിൽ പരിഷ്‌കാരം വരുത്താതെ വർധനവ് ചർച്ച ചെയ്യുന്നത് ഉത്തരവാദിത്വക്കുറവാണ്,' എന്ന് ഡെപ്യൂട്ടി കൗൺസിൽ സ്പീക്കർ നന്താഷ വില്ല്യംസ് പ്രതികരിച്ചു.

5 ബില്യൺ ഡോളർ കുറവ് നികത്തേണ്ടി വരും

മുൻ മേയർ എറിക് ആഡംസ് സേവനങ്ങൾക്ക് ആവശ്യമായ വകയിരുത്തൽ കുറച്ചതിന്റെ ഫലമായി ഏകദേശം 5 ബില്യൺ ഡോളറിന്റെ കുറവ് നിലനിൽക്കുന്നുവെന്ന് മംദാനി ആരോപിച്ചു. നിയമപ്രകാരം ന്യൂയോർക്ക് നഗരത്തിന് തുല്യബജറ്റ് നിർബന്ധമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ നഗരബജറ്റ് 55 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ മുൻ മേയർ ബിൽ ഡി ബ്ലാസിയോ അവതരിപ്പിച്ച ബജറ്റ് 82.1 ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ അത് 127 ബില്യൺ ഡോളറായി ഉയർന്നിരിക്കുകയാണ്.

'ന്യൂയോർക്കിന് വരുമാന പ്രശ്‌നമല്ല, ചെലവിന്റെ വേഗതയാണ് വെല്ലുവിളി,' എന്ന് മാൻഹാട്ടൻ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ ജെസിക്ക വാക്കർ അഭിപ്രായപ്പെട്ടു.

സംസ്ഥാ-നനഗര ബന്ധത്തിൽ പുതിയ രാഷ്ട്രീയ സമ്മർദ്ദമായി മാറിയിരിക്കുന്ന ഈ നീക്കം തെരഞ്ഞെടുപ്പ് വർഷത്തിൽ ഏത് വഴിത്തിരിവിലെത്തുമെന്നാണ് ഉറ്റുനോക്കുന്നത്.