വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് അന്യായവും വൈരുദ്ധ്യപൂർണമുമാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാന്റെ വിമർശനം.
സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന പുറത്തുവിട്ട ഷെർമാൻ, ഇന്ത്യയ്‌ക്കെതിരെ 'അതിരുകടന്ന തീരുവകൾ' ചുമത്താൻ ട്രംപ് എന്തെങ്കിലുമൊക്കെ കാരണം തേടുകയാണെന്ന് ആരോപിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ചില യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യാഥാർത്ഥ്യം അങ്ങനെ ആയിരിക്കെ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർത്തി.
അമേരിക്ക-ഇന്ത്യ വ്യാപാരബന്ധങ്ങൾ അടുത്തകാലത്ത് നിരവധി വിഷയങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങൽ വിഷയമുയർത്തി സമ്മർദ്ദം ചെലുത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് ഷെർമാൻ പ്രകടിപ്പിച്ചത്.
ട്രംപിന്റെ നയതന്ത്ര-വാണിജ്യ നിലപാടുകൾക്കെതിരെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള വിമർശനം ശക്തമാകുന്നതിനിടെയാണ് ഷെർമാന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.
റഷ്യൻ എണ്ണ വാങ്ങൽ ചൂണ്ടിക്കാട്ടി ഇന്ത്യയെ ലക്ഷ്യമിടുന്നു; ട്രംപിനെതിരെ ബ്രാഡ് ഷെർമാന്റെ വിമർശനം
