ന്യൂഡൽഹി: കൃത്രിമ ബുദ്ധിയുടെ (എഐ) ഭാവി ഏതാനും രാജ്യങ്ങളോ കോടീശ്വരന്മാരോ നിർണയിക്കരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ സമിറ്റ് 2026 ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ വികസനത്തിൽ മുന്നിലുള്ള അമേരിക്കയും ചൈനയും ഉൾപ്പെടെ ശക്തരാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള പരാമർശമായാണ് അദ്ദേഹത്തിന്റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. എഐ ഭരണനിർണയം 'ചില ബില്യണറുകളുടെ ഇഷ്ടാനുസരണമായി' വിട്ടുകൊടുക്കാനാകില്ലെന്നും, കുറച്ച് രാജ്യങ്ങൾ മാത്രം ആധിപത്യം സ്ഥാപിക്കുന്ന രീതിയും അംഗീകരിക്കാനാകില്ലെന്നും ഗുട്ടറസ് ചൂണ്ടിക്കാട്ടി.
'എഐ എല്ലാവർക്കും സ്വന്തമായിരിക്കണം' എന്ന് ആവർത്തിച്ച അദ്ദേഹം, ആവേശവും ഭയവും കടന്ന് 'പങ്കിട്ട വിവരങ്ങൾ' അടിസ്ഥാനമാക്കി സഹകരണ സമീപനം സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭാ പൊതുസഭ പാസാക്കിയ പ്രമേയത്തെ തുടർന്ന് 40 അംഗ സ്വതന്ത്ര അന്തർദേശീയ ശാസ്ത്ര സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
എഐ ഭരണകൂടത്തെക്കുറിച്ചുള്ള ആഗോള സംവാദവും ഐക്യരാഷ്ട്രസഭാ ചട്ടക്കൂടിനുള്ളിൽ ആരംഭിച്ചതായി ഗുട്ടറസ് പറഞ്ഞു. ജൂലൈയിൽ ജനീവയിൽ ആദ്യ സമ്മേളനം നടക്കും. എല്ലാ രാജ്യങ്ങൾക്കും മാനദണ്ഡങ്ങൾ, സുരക്ഷാ ചട്ടങ്ങൾ, ഉത്തരവാദിത്വ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്യാൻ വേദിയൊരുക്കുകയാണ് ലക്ഷ്യം.
ഏകീകൃതമായ ചട്ടങ്ങൾ ഇല്ലെങ്കിൽ എഐ അസമത്വം വർധിപ്പിക്കാനും ദുരുപയോഗത്തിന് വഴിവെക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, മനുഷ്യ മേൽനോട്ടവും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന 'ഗാർഡ് റെയിലുകൾ' അനിവാര്യമാണെന്ന് പറഞ്ഞു.
വികസ്വര രാജ്യങ്ങൾ പിന്നിലാകാതിരിക്കാനായി ആഗോള എഐ ഫണ്ട് രൂപീകരിക്കാനും അദ്ദേഹം നിർദേശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം, ഡേറ്റാ ഇൻഫ്രാസ്ട്രക്ചർ, കുറഞ്ഞ ചെലവിലുള്ള കമ്പ്യൂട്ടിംഗ് ശക്തി എന്നിവയ്ക്ക് സഹായം നൽകുക എന്നതാണ് ലക്ഷ്യം. 3 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യമെന്നും, ഒരു വലിയ ടെക് കമ്പനിയുടെ വാർഷിക വരുമാനത്തിന്റെ ഒരു ശതമാനത്തിൽ പോലും താഴെയായിരിക്കും ഇതെന്നുമാണ് ഗുട്ടറസ് ചൂണ്ടിക്കാട്ടിയത്. ഉൾക്കൊള്ളുന്ന എഐ വികസനം ഒടുവിൽ വ്യവസായ ലോകത്തിനും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐയുടെ ഭാവി കുറച്ച് രാജ്യങ്ങൾ തീരുമാനിക്കരുത്'; ഇന്ത്യ എഐ സമിറ്റിൽ ഗുട്ടറസിന്റെ മുന്നറിയിപ്പ്
