പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് തടസ്സമുണ്ടെന്ന് വിജയ് മല്യ

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് തടസ്സമുണ്ടെന്ന് വിജയ് മല്യ


ലണ്ടന്‍: ഇന്ത്യയിലേക്ക് തിരികെ വരാനുള്ള തടസം പാസ്‌പോര്‍ട്ട് റദ്ദാക്കിയതാണെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. യു കെ കോടതിയുടെ ഉത്തരവ് പ്രകാരം ഇംഗ്ലണ്ടില്‍ നിന്നും വെയില്‍സില്‍ നിന്നും പുറത്തുകടക്കുന്നതിന് വിലക്ക് ഉള്ളതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിനുള്ള കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മല്യ അറിയിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചിനാണ് മല്യ തന്റെ അഭിഭാഷകനായ അമിത് ദേശായി വഴി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച ഉത്തരവിനെയും നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനപരമായ സാധുതയെയും ചോദ്യം ചെയ്തുളള മല്യയുടെ ഹര്‍ജികള്‍ നിലനിര്‍ത്തിക്കൊണ്ട് വിചാരണ നേരിടാന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സത്യവാങ്മൂലം നല്‍കിയത്.

യു കെ കോടതികളുടെ നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് സത്യവാങ്മൂലത്തില്‍ മല്യ പറഞ്ഞു. ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് മല്യയുടെ സാന്നിധ്യം ഇന്ത്യയില്‍ ആവശ്യമില്ലെന്നും ദേശായി പറഞ്ഞു. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ഹൈക്കോടതിയുടെ അസാധാരണമായ റിട്ട് അധികാരപരിധി മല്യ ദുരുപയോഗം ചെയ്തതായി അദ്ദേഹം പറഞ്ഞു. നിയമംഅനുസരിക്കാത്ത ഒരാള്‍ക്ക് കോടതിയില്‍ നിന്ന് വിവേചനാധികാരത്തിലുള്ള ആശ്വാസം തേടാന്‍ കഴിയില്ലെന്നും മേത്ത പറഞ്ഞു. മല്യ സമര്‍പ്പിച്ച സത്യവാങ് മൂലം ഫയല്‍ ചെയ്യാനും കേസ് അടുത്തമാസം കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റിവെയ്ക്കാനും ബെഞ്ച് നിര്‍ദേശിച്ചു.