മോസ്‌കോ: ഇറാനെതിരെ യു എസ് പുതിയ സൈനിക ആക്രമണം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ പരിപാടി സമാധാനപരമായ നിലയില്‍ തുടരുന്നതിനായി നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം തേടേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ അല്‍-അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാവ്രോവ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷണത്തിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്കുള്ള മുന്‍ ആക്രമണങ്ങള്‍ തന്നെ ഗൗരവമായ അപകടസാധ്യതകള്‍ സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു ആക്രമമം നടത്തിയാല്‍ പ്രത്യാഘാതങ്ങള്‍ നല്ലതായിരിക്കില്ലെന്നും ആണവ ദുരന്തത്തിനുള്ള യഥാര്‍ഥ സാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും ഇത് തീയില്‍ കളിക്കുന്നതുപോലെയാണെന്നും ലാവ്രോവ് പറഞ്ഞു.
ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള പുതിയ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ജനീവയില്‍ യു എസ്- ഇറാന്‍ പ്രതിനിധികള്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ലാവ്രോവിന്റെ പ്രതികരണം.
അറബ്- ഗള്‍ഫ് രാഷ്ട്രങ്ങള്‍ സംഘര്‍ഷം രൂക്ഷമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൂചന നല്‍കിയതായി ലാവ്രോവ് പറഞ്ഞു. പുതിയ ഏറ്റുമുട്ടല്‍ സമീപകാല നയതന്ത്ര പുരോഗതികള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനും സൗദി അറേബ്യ പോലുള്ള അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉള്‍പ്പെടെ ഈ പുരോഗതികള്‍ അപകടത്തിലാകുമെന്നാണ് ആശങ്ക.
ഒരു മുതിര്‍ന്ന യു എസ് ഉദ്യോഗെനില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം വാഷിങ്ടണുമായി നിലനില്‍ക്കുന്ന തര്‍ക്കം എങ്ങനെ പരിഹരിക്കാമെന്ന് വിശദീകരിക്കുന്ന എഴുത്തുപ്രമേയം ടെഹ്റാന്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, യു എസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മേഖലയിലെ സൈനിക സജ്ജീകരണങ്ങള്‍ പുനഃപരിശോധിച്ചുവരികയാണ്. മാര്‍ച്ച് മധ്യത്തോടെ സൈനിക വിന്യാസം പൂര്‍ണ്ണമാക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് വാഷിങ്ടണ്‍ ശക്തമായി ആവശ്യപ്പെടുമ്പോള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനല്ല തങ്ങളുടെ ശ്രമമെന്നാണ് ടെഹ്റാന്‍ പറയുന്നത്. സമാധാനപരമായ ആണവോര്‍ജ വികസിപ്പിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
ഇറാനിയന്‍ നേതാക്കളുമായി മോസ്‌കോ അടുത്ത ബന്ധം തുടരുകയാണെന്നും ആണവ ആയുധ വ്യാപന നിരോധന കരാര്‍ ചട്ടക്കൂടിനുള്ളില്‍ തന്നെ പ്രശ്‌നപരിഹാരം തേടാന്‍ ടെഹ്റാന്‍ താത്പര്യപ്പെടുന്നുവെന്നുമാണ് ലാവ്രോവിന്റെ വിലയിരുത്തല്‍. ഏതൊരു കരാറും ഇറാന്റെ നിയമപരമായ അവകാശങ്ങളെ മാനിക്കുന്നതോടൊപ്പം യുറേനിയം സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ രീതിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
