സുനിത വില്യംസുമായി പറന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ തകരാര്‍ വലിയ ദുരന്തമാകാന്‍ സാധ്യതയുണ്ടായിരുന്നതായി നാസ

സുനിത വില്യംസുമായി പറന്ന ബോയിംഗ് സ്റ്റാര്‍ലൈനര്‍ തകരാര്‍ വലിയ ദുരന്തമാകാന്‍ സാധ്യതയുണ്ടായിരുന്നതായി നാസ


വാഷിംഗ്ടണ്‍ ഡി സി: സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ സംഭവിച്ച സാങ്കേതിക തകരാര്‍ വലിയ ദുരന്തത്തിലേക്ക് നയിക്കാമായിരുന്നുവെന്ന് നാസയുടെ വെളിപ്പെടുത്തല്‍. ആ സമയത്ത് പുറത്തുവിട്ട വിവരങ്ങളെക്കാള്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഏറെ കൂടുതലായിരുന്നുവെന്നും ഇത് 'ടൈപ്പ് എ' മിഷാപ്  ഏറ്റവും ഗുരുതരമായ വിഭാഗം ആയി പുനര്‍വര്‍ഗ്ഗീകരിച്ചതായും നാസ അറിയിച്ചു.

2003ല്‍ ദുരന്തത്തില്‍ കലാശിച്ച സ്‌പേസ് ഷട്ടില്‍ കൊളംബിയയും 1986ലെ സ്‌പേസ് ഷട്ടില്‍ ചലഞ്ചറും പോലെ ജീവഹാനിക്ക് ഇടയാക്കാവുന്ന അപകടസാധ്യത ഇതിലുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍.

നാസ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ അമിത് ക്ഷത്രിയ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത് നമ്മുടെ അടുത്തകാല ചരിത്രത്തിലെ വളരെ വെല്ലുവിളിയേറിയ സംഭവമായിരുന്നുവെന്നും ഒരു ഭീകര ദിനം നമുക്ക് നേരിടേണ്ടിവന്നേക്കാമായിരുന്നുവെന്നുമാണ്. 10 ദിവസത്തെ ദൗത്യമാണ് ഒന്‍പത് മാസത്തേക്ക് നീണ്ടത്. 

സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ 5ന് ബോയിംഗ് സ്റ്റാര്‍ലൈനര്‍ വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടിരുന്നു. 10 ദിവസത്തേക്ക് മാത്രം നിശ്ചയിച്ചിരുന്ന ദൗത്യം യാത്രാമധ്യേ നിരവധി ത്രസ്റ്റര്‍ തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒമ്പത് മാസമായി നീളുകയായിരുന്നു.

നാസ പ്രശ്‌നങ്ങളെ അഞ്ചു വിഭാഗങ്ങളാക്കി തരംതിരിക്കുന്നു- ടൈപ്പ് എ, ബി, സി, ഡി, 'ക്ലോസ് കോള്‍സ്'. ഇതില്‍ ടൈപ്പ് എ ഏറ്റവും ഗുരുതരമാണ്.

നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാര്‍ഡ് ഇസാഖ്മാന്‍ പറഞ്ഞത് അന്ന് എടുത്ത തീരുമാനങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കില്‍ ത്രസ്റ്ററുകള്‍ പുനഃസ്ഥാപിക്കാനായില്ലെങ്കിലോ ഡോക്കിംഗ് പരാജയപ്പെട്ടിരുന്നെങ്കിലോ ഈ ദൗത്യത്തിന്റെ ഫലം പൂര്‍ണ്ണമായും വേറെയാകുമായിരുന്നുവെന്നാണ്. വാഹനം നിയന്ത്രണത്തില്‍ തിരിച്ചെത്തിക്കുകയും ഡോക്കിംഗ് വിജയകരമായി നടത്തുകയും ചെയ്തതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി.

വില്യംസും വില്‍മോറും ഐ എസ് എസ്ല്‍ തുടരുന്നതിനിടെ ഭൂമിയില്‍ നിന്ന് ത്രസ്റ്റര്‍ പ്രശ്‌നം പരിഹരിക്കാന്‍ നാസ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 6ന് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സൂള്‍ ക്രൂ ഇല്ലാതെ ഭൂമിയിലേക്ക് മടക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അണ്‍ഡോക്കിംഗിനിടെ അപ്രതീക്ഷിത പ്രൊപ്പല്‍ഷന്‍ തകരാര്‍ ഉണ്ടായതായി ഐസക്മാന്‍ വെളിപ്പെടുത്തി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുകയറുമ്പോഴും ത്രസ്റ്ററുകള്‍ക്ക് ആവശ്യമായ ഫോള്‍ട്ട് ടോളറന്‍സ് ഉണ്ടായിരുന്നില്ല.

ഇത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അന്ന് തന്നെ 'ടൈപ്പ് എ' മിഷാപ് ആയി പ്രഖ്യാപിക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ ബോയിങ്ങിന്റെ ബഹിരാകാശ വാഹനം മനുഷ്യരെ കയറ്റി പറത്താനുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയെ ബാധിക്കുമെന്ന ആശങ്കയാണ് ഒരു കാരണമായിരുന്നുവെന്ന് ഐസക്മാന്‍ സമ്മതിച്ചു. അത് ദൗത്യത്തെയും ക്രൂവിനെയും അമേരിക്കയുടെ ബഹിരാകാശ പദ്ധതിയെയും അപകടത്തിലാക്കിയെന്നും ഇനി അങ്ങനെ ഒരിക്കലും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ കരാര്‍ നേടിയ ശേഷവും വിശ്വസനീയമായ മനുഷ്യ ബഹിരാകാശ വാഹനം നിര്‍മ്മിക്കുന്നതില്‍ ബോയിങ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതില്‍ സ്‌പേസ് എക്‌സിന് പകരം മറ്റൊരു മാര്‍ഗം സൃഷ്ടിക്കാനാണ് നാസ ശ്രമിച്ചിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പദ്ധതിയിലെ പരാജയം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.