ജൂലിയന്‍ അസാന്‍ജെ; ഓസ്ട്രേലിയയുടെ അഭ്യര്‍ഥന പരിഗണിക്കുന്നെന്ന് ബൈഡന്‍

ജൂലിയന്‍ അസാന്‍ജെ; ഓസ്ട്രേലിയയുടെ അഭ്യര്‍ഥന പരിഗണിക്കുന്നെന്ന് ബൈഡന്‍


വാഷിംഗ്ടണ്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്കെതിരായ പ്രോസിക്യൂഷന്‍ അവസാനിപ്പിക്കാന്‍ ഓസ്ട്രേലിയ നടത്തിയ അഭ്യര്‍ഥന യു എസ് പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. 

ചാരവൃത്തിയുടെ 17 കുറ്റങ്ങളും വിക്കിലീക്സിന്റെ ക്ലാസിഫൈഡ് യു എസ് ഫയലുകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ ദുരുപയോഗം നടത്തിയതിന് ഒരു കുറ്റവും അസാന്‍ജിനെതിരെ ചുമത്തിയിട്ടുണ്ട്. വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച നയതന്ത്ര കേബിളുകളും സൈനിക ഫയലുകളും നിയമവിരുദ്ധമായി നേടിയെടുത്തപ്പോള്‍ യു എസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിംഗിനെ അദ്ദേഹം അപകടത്തിലാക്കിയതായി അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

വിക്കിലീക്സിന് രഹസ്യ വിവരങ്ങള്‍ നല്‍കിയതിന് മാനിംഗിനെ 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഏഴ് വര്‍ഷത്തിന് ശേഷം ശിക്ഷ ഇളവ് ചെയ്തു. രേഖകള്‍ അന്വേഷിക്കുന്ന ഗ്രാന്‍ഡ് ജൂറികളുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിന് അവരെ പിന്നീട് ജയിലിലടച്ചു.