കെജ്രിവാള്‍ അറസ്റ്റ്; അസ്വസ്ഥതയറിയിച്ച് യു എസും ജര്‍മ്മനിയും

കെജ്രിവാള്‍ അറസ്റ്റ്; അസ്വസ്ഥതയറിയിച്ച് യു എസും ജര്‍മ്മനിയും


ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തില്‍ തങ്ങള്‍ക്കുള്ള അസ്വസ്ഥത വെളിവാക്കി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ജര്‍മന്‍ വിദേശകാര്യ വകുപ്പും.

ഇന്ത്യ ദക്ഷിണേഷ്യയില്‍ യു എസിന്റെ ഏറ്റവുമടുത്ത ജിയോപോളിറ്റിക്കല്‍ സഖ്യശക്തിയാണെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കും വിധം തങ്ങളുടെ ഫണ്ട് ആദായനികുതി വകുപ്പ് അധികൃതര്‍ അന്യായമായി മരവിപ്പിച്ചിരിക്കുകയാണെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതിയും തങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്ന് പറഞ്ഞാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് വ്യക്തമാക്കിയത്.

നേരത്തേ ഈ പ്രശ്‌നത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ജര്‍മന്‍ വിദേശകാര്യ വകുപ്പാകട്ടെ തങ്ങള്‍ കെജ്രിവാളിന്റെ അറസ്റ്റ് വാര്‍ത്ത ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യാ സര്‍ക്കാര്‍ നീതിപീഠത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ ജര്‍മന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ജോര്‍ജ് എന്‍സ്വെയ്ലറെ വിളിച്ചു വരുത്തി ജര്‍മന്‍ നിലപാടില്‍ തങ്ങളുടെ അതൃപ്തി അറിയിച്ച വിദേശമന്ത്രാലയം പിന്നീട് ഡല്‍ഹിയിലെ യു എസ് എംബസിയിലുള്ള മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ ഗ്ലോറിയ ബെര്‍ബെനയെ വിദേശമന്ത്രാലയത്തില്‍ വിളിച്ചു വരുത്തി തങ്ങള്‍ക്കുള്ള അഭിപ്രായഭിന്നത ഇന്ത്യ രേഖപ്പെടുത്തി. എന്നാല്‍ അതിന് തൊട്ട് പിന്നാലെ വീണ്ടും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് മില്ലര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുകയായിരുന്നു.

'അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളെല്ലാം ഞങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ്. നീതിപൂര്‍വകവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഈ ഓരോ വിഷയത്തിലും ഉണ്ടാകുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം,' മാര്‍ക് മില്ലര്‍ പറഞ്ഞു.