ട്രംപ് ഭരണകൂടം തെറ്റായി നാടുകടത്തി ജയിലിലടക്കപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍ഷ്യ അമേരിക്ക വിടുന്നു

ട്രംപ് ഭരണകൂടം തെറ്റായി നാടുകടത്തി ജയിലിലടക്കപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍ഷ്യ അമേരിക്ക വിടുന്നു


സാല്‍വദോറിലെ ജയിലില്‍നിന്ന് അമേരിക്കയിലേക്ക് തിരിച്ചെത്തിച്ച കുടിയേറ്റക്കാരന്റെ പുതിയ നീക്കം; യാത്ര മാഡ്രിഡിലേക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി തെറ്റായി നാടുകടത്തപ്പെട്ട് സാല്‍വദോറിലെ അതീവ സുരക്ഷാ ജയിലില്‍ അടയ്ക്കപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍ഷ്യ അമേരിക്ക വിടുന്നു. സ്വന്തം തീരുമാനപ്രകാരം സ്‌പെയിനിലേക്ക് പോകുന്ന അദ്ദേഹം ചൊവ്വാഴ്ച വാഷിങ്ടണിലെ വിമാനത്താവളത്തില്‍നിന്ന് മാഡ്രിഡിലേക്കുള്ള വിമാനത്തില്‍ കയറിയതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വയം നാടുകടത്തല്‍ നടപടിയെന്നാണ് വിവരം.

ഏകദേശം രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ഗാര്‍ഷ്യയുടെ അമേരിക്ക വിടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം അദ്ദേഹത്തെ സാല്‍വദോറിലെ കുപ്രസിദ്ധമായ സെക്കോട്ട് (CECOT) അതീവ സുരക്ഷാ ജയിലിലേക്ക് നാടുകടത്തിയത്. എംഎസ്13 എന്ന ക്രിമിനല്‍ സംഘത്തിലെ അംഗമാണെന്നായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോപണം. എന്നാല്‍ ഗാര്‍ഷ്യ ഇത് നിഷേധിച്ചു. അമേരിക്കയിലെ മേരിലാന്‍ഡില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന അദ്ദേഹത്തെ സാല്‍വദോറിലേക്ക് നാടുകടത്തരുതെന്ന് 2019ല്‍ കോടതി ഉത്തരവിട്ടിരുന്നതും വിവാദമായി.

അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗാര്‍ഷ്യയെ തിരിച്ചെത്തിച്ചു. തുടര്‍ന്ന് ടെന്നസിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി അന്വേഷണം നേരിട്ടെങ്കിലും വിചാരണ കാത്തിരിക്കെ ഫെഡറല്‍ ജഡ്ജി പോള സിനിസ് അദ്ദേഹത്തെ കുടിയേറ്റ വകുപ്പിന്റെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചു. മേയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രതികാരബുദ്ധിയോടെയായിരുന്നുവെന്ന് നിരീക്ഷിച്ച ഫെഡറല്‍ കോടതി അദ്ദേഹത്തിനെതിരായ ക്രിമിനല്‍ കുറ്റപത്രം തള്ളുകയും ചെയ്തു.

അമേരിക്ക വിടുന്നതിന് മുമ്പ് വിമാനത്താവളത്തിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെത്തിയ ഗാര്‍ഷ്യയുടെ കാലില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഉപകരണം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കുടിയേറ്റ ഉദ്യോഗസ്ഥരാണ് ഇത് ഘടിപ്പിച്ചിരുന്നത്.

അമേരിക്കന്‍ ഭരണകൂടം അദ്ദേഹത്തെ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്താന്‍ ശ്രമിച്ചിരുന്നുവെന്നും ലൈബീരിയ, ഉഗാണ്ട, എസ്വാറ്റിനി എന്നീ രാജ്യങ്ങളുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നുവെന്നും കോടതിയിലെ രേഖകള്‍ വ്യക്തമാക്കുന്നു.

ഗാര്‍ഷ്യയുടെ കുടുംബം താമസിക്കുന്ന മേരിലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ഗാര്‍ഷ്യയുടെ താല്‍പര്യത്തെയും നിയമപരമായ അവകാശങ്ങളെയും മാനിക്കുന്ന ധാരണയിലെത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമായെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ഇഷ്ടപ്പെട്ട രാജ്യത്തേക്ക് സുരക്ഷിതമായി പോകാന്‍ അദ്ദേഹത്തിന് കഴിയുന്നതില്‍ ആശ്വാസമുണ്ടെന്നും വാന്‍ ഹോളന്‍ വ്യക്തമാക്കി.