ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ നഷ്ടം; കോടികൾ വിലവരുന്ന ഡസനോളം 'റീപ്പർ' ഡ്രോണുകൾ തകർന്നു

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് വൻ നഷ്ടം; കോടികൾ വിലവരുന്ന  ഡസനോളം 'റീപ്പർ' ഡ്രോണുകൾ തകർന്നു


വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്കിടെ അമേരിക്കയ്ക്ക് വൻ നഷ്ടമുണ്ടായതായി റിപ്പോർട്ട്. കോടികൾ വിലവരുന്ന 'എംക്യൂ9 റീപ്പർ' എന്ന ആളില്ലാ ഡ്രോണുകളിൽ ഒരു ഡസനിലധികം യുദ്ധത്തിൽ നഷ്ടമായതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഇവയിൽ ചിലത് ഇറാന്റെ മിസൈൽ ആക്രമണത്തിൽ വീണതായും, ചിലത് നിലത്തിരിക്കെ തന്നെ ആക്രമണത്തിൽ തകർന്നതായുമാണ് വിവരം. നിരീക്ഷണത്തിനും ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനുമായി ഉപയോഗിക്കുന്ന ഈ ഡ്രോണുകൾക്ക് 'ഹെൽഫയർ' മിസൈലുകൾ ഘടിപ്പിച്ച് ആക്രമണങ്ങൾ നടത്താനും കഴിയും.

ഈത്രയും റീപ്പർ ഡ്രോണുകൾ നഷ്ടമായത്, ഇറാനെതിരായ അമേരിക്കൻ സൈനിക പ്രവർത്തനങ്ങളിൽ ഈ തരത്തിലുള്ള ആളില്ലാവിമാനങ്ങൾ വ്യാപകമായി വിന്യസിച്ചിട്ടുണ്ടെന്ന സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഈ നഷ്ടവിവരം ആദ്യമായി റിപ്പോർട്ട് ചെയ്തത് 'വാൾ സ്ട്രീറ്റ് ജേർണൽ' പത്രമാണ്. 2020ൽ അമേരിക്കൻ വ്യോമസേന റീപ്പർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള അവസാന അഞ്ച് വർഷ കരാർ പ്രഖ്യാപിച്ചിരുന്നു. 'ജനറൽ ആറ്റോമിക്‌സ്' എന്ന കമ്പനി നിർമ്മിച്ച ഈ ഡ്രോണുകളുടെ ഉത്പാദനം കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു. ആകെ 575 ഡ്രോണുകളാണ് കമ്പനി നിർമ്മിച്ചത്.

ഒന്നിന് ഏകദേശം 1.6 കോടി ഡോളറാണ് വിലയെന്ന് കമ്പനി വക്താവ് സി. മാർക്ക് ബ്രിങ്ക്‌ലി വ്യക്തമാക്കി.

ഇതോടെ ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിടുന്ന സാമ്പത്തികവും സൈനികവുമായ സമ്മർദം കൂടുതൽ വ്യക്തമായി കാണപ്പെടുന്നു.