നൈജീരിയയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 11 ജിഹാദി വിരുദ്ധ പോരാളികള്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 11 ജിഹാദി വിരുദ്ധ പോരാളികള്‍ കൊല്ലപ്പെട്ടു


ഗാംബോരു(നൈജീരിയ): ജിഹാദികളോട് പോരാടാന്‍ നൈജീരിയന്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന പതിനൊന്ന് മിലിഷ്യ പോരാളികള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് കാമറൂണിന്റെ അതിര്‍ത്തിക്കടുത്തുള്ള ഹൈവേയില്‍ ശനിയാഴ്ച വാഹനം കുഴിബോംബില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്ന് രണ്ട് മിലീഷ്യ വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു.

നൈജീരിയയിലെ ജിഹാദികള്‍ 15 വര്‍ഷത്തിലേറെ നീണ്ട ഇസ്ലാമിസ്റ്റ് കലാപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഒരിക്കല്‍ നിയന്ത്രിച്ചിരുന്ന പ്രദേശത്ത് നിന്ന് പിന്നോട്ട് തള്ളപ്പെട്ടതിന് ശേഷം സൈനിക, സിവിലിയന്‍ വാഹനവ്യൂഹങ്ങളെ ലക്ഷ്യം വച്ച് ഹൈവേകളില്‍ സ്ഥാപിക്കുന്ന മൈനുകള്‍ പൊട്ടിയുള്ള സ്‌ഫോടനങ്ങള്‍ പതിവാണ്.

ബോര്‍ണോ സ്റ്റേറ്റിലെ ഗാംബോരു പട്ടണത്തില്‍ നിന്ന് പ്രാദേശിക തലസ്ഥാനമായ മൈദുഗുരിയിലേക്ക് ഒരു സിവിലിയന്‍ വാഹനവ്യൂഹത്തിന് അകമ്പടി സേവിക്കുന്നതിനിടെ 12:30 മണിയോടെ(ജിഎംടി)യാണ് അവരുടെ വാഹനം ഡാംനോ ഗ്രാമത്തില്‍ ജിഹാദികള്‍ കുഴിച്ചിട്ടതായി സംശയിക്കുന്ന കുഴിബോംബിന് മുകളിലൂടെ ഓടിച്ചതിനെ തുടര്‍ന്ന് സ്‌ഫോടനമുണ്ടായതെന്ന് രണ്ട് സ്രോതസ്സുകള്‍ പറഞ്ഞു.

''ഞങ്ങളുടെ 13 സഹപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന്റെ പിന്‍ ടയറുകള്‍ ഒരു കുഴിബോംബ് കുഴിച്ചിട്ട വിശാലമായ കുഴിയില്‍ വീഴുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്തു,'' ഗാംബോരുവിലെ ജിഹാദി വിരുദ്ധ മിലിഷ്യ നേതാവ് ഷെഹു മാഡ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 11 പേര്‍ മരിച്ചു, രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇരകളെ വാഹനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും സംസ്‌കാരിക്കുന്നതിനായി ഗാംബോരുവിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് മറ്റൊരു മിലിഷ്യയായ ഉസ്മാന്‍ ഹംസ പറഞ്ഞു.

തീവ്രവാദികള്‍ക്കെതിരെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനാല്‍ നൈജീരിയയിലെ തീവ്രവാദ പോരാട്ടം ക്രമേണ തീവ്രത കുറഞ്ഞിട്ടുണ്ട്.

ഗാംബോരു മുതല്‍ മൈദുഗുരി വരെയുള്ള ഹൈവേ മേഖലയിലെ തന്ത്രപ്രധാനമായ 140 കിലോമീറ്റര്‍ (87മൈല്‍) വ്യാപാര പാതയാണ്. കൂടാതെ അയല്‍രാജ്യമായ കാമറൂണുമായി ഒരു പ്രധാന ബന്ധം നല്‍കുന്നതും ഇതേ ഹാവേയാണ്. തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം സൈന്യം അടച്ചിട്ട ഹൈവേ 2016 ജൂലൈയിലാണ് വീണ്ടും തുറന്നത്.

ബോക്കോ ഹറാമും എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സും ഇപ്പോഴും അവരുടെ ഒളിത്താവളങ്ങളില്‍ നിന്ന് വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ഇടയ്ക്കിടെ പതിയിരുന്ന് ആക്രമണം നടത്തുകയും ഹൈവേയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ജനുവരിയില്‍ രണ്ട് വ്യത്യസ്ത കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ഹൈവേയില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ 10 പേര്‍ കൂടി സമാനഅപകടത്തില്‍ കൊല്ലപ്പെട്ടു.

2009 മുതല്‍ നൈജീരിയയിലെ സംഘര്‍ഷത്തില്‍  40,000 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 20 ലക്ഷം പേര്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു. അക്രമം അയല്‍രാജ്യങ്ങളായ നൈജര്‍, ചാഡ്, കാമറൂണ്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

മാലി, നൈജര്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളിലെ സമീപകാല സൈനിക അട്ടിമറികളും പിന്നീട് സഹേലില്‍ നിന്ന് നൈജീരിയയുടെ വടക്ക് ഭാഗത്തേക്ക് ഫ്രഞ്ച്, യുഎസ് സൈനികരെ പിന്‍വലിച്ചതും പ്രാദേശിക അസ്ഥിരതയും അക്രമവും തീരദേശ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു.