റഷ്യയ്‌ക്ക് പിന്തുണയുമായെത്തിയ ഉത്തരകൊറിയൻ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ മിലിട്ടറി ഇന്‍റലിജൻസ് റിപ്പോര്‍ട്ട്

റഷ്യയ്‌ക്ക് പിന്തുണയുമായെത്തിയ ഉത്തരകൊറിയൻ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ മിലിട്ടറി ഇന്‍റലിജൻസ് റിപ്പോര്‍ട്ട്


കീവ്: കുര്‍സ്‌ക് മേഖലയില്‍ റഷ്യയ്ക്ക് പിന്തുണയുമായെത്തിയ ഉത്തരകൊറിയന്‍ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ ആക്രമണങ്ങളില്‍ ഉത്തരകൊറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജിയുആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ് അറിയിച്ചത്. മേഖലയില്‍ ഉത്തരകൊറിയന്‍ സൈനികര്‍ കുടിവെള്ളക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്നങ്ങല്‍ നേരിടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.


ഏകദേശം 3000 ഉത്തരകൊറിയന്‍ സൈനികര്‍ക്ക് കുര്‍സ്‌ക് മേഖലയില്‍ വച്ച് ജീവന്‍ നഷ്ടമാവുകയും പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടെ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ 10,000-12,000 സൈനികരെ കൈമാറിയെന്ന് നേരത്തെ യുക്രെയ്ന്‍ ആരോപിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം 1,100 ഓളം ഉത്തരകൊറിയന്‍ സൈനികര്‍ മാത്രമാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതെന്നാണ് ദക്ഷിണ കൊറിയ അറിയിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ടര വര്‍ഷത്തോളം സമയത്തിന് ശേഷം 2024 ഒക്ടോബറോടെയാണ് ഉത്തരകൊറിയന്‍ സൈനികര്‍ മോസ്‌കോയിലേക്ക് എത്തിത്തുടങ്ങിയതെന്നാണ് യുക്രെയ്ന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്.