യുഎന്‍ : ആണവ സമ്പുഷ്ടീകരണ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇറാന്. ആണവ പരിപാടിയുടെ പേരില്‍
ഇസ്രായേലും അമേരിക്കയും തങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ അംബാസഡര്‍ അമീര്സയീദ് ഇറവാനി വ്യക്തമാക്കി. ആണവ സംപുഷ്ടീകരണം രാജ്യത്തിന്റെ 'അനിഷേധ്യ അവകാശം' ആണെന്നും അമീര്‍ വ്യക്തമാക്കി.
ഇറാന് അവരുടെ മണ്ണില്‍ ഒരു ആണവ സമ്പുഷ്ടീകരണ പദ്ധതി പുനഃസ്ഥാപിക്കാന്‍' ഉദ്ദേശിക്കുന്നുണ്ടോ എന്ന് സിബിഎസ് ന്യൂസിന്റെ 'ഫേസ് ദി നേഷന്‍' എന്ന പരിപാടിയ്ക്കിടെ മോഡറേറ്റര്‍ മാര്‍ഗരറ്റ് ബ്രെനന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അമീര്‍ അത് തങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്.
ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള സമാധാനപരമായ ആണവ സാങ്കേതികവിദ്യയ്ക്ക് അവകാശമുണ്ടെന്ന് പറയുന്ന ആണവ നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) ഒരു വ്യവസ്ഥ ഇതിനു തെളിവായി അമീര്‍ ഉദ്ധരിച്ചു. 'അതിനാല്‍ സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്, ഒരു അനിഷേധ്യ അവകാശമാണ്, ഈ അവകാശം ഞങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു,' -അമീര്‍ വ്യക്തമാക്കി.
'അപ്പോള്‍ നിങ്ങള്‍ സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു, അങ്ങനെ തോന്നുന്നു?' ബ്രെനന്‍ പ്രതികരിച്ചു. 'ആ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ കരുതുന്നു, ഒരിക്കലും അവസാനിക്കില്ല,' അമീര്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഇറാനുമായി ഒരു ആണവ കരാര്‍ ഉറപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ആക്രമണം വന്‍ വിജയമാണെന്നും മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കും വന്‍ നാശനഷ്ടമുണ്ടായെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇത് പിന്നീട് ചോദ്യംചെയ്യപ്പെട്ടു. പുനര്‍ നിര്‍മ്മിക്കാനാകും വിധം മാത്രമാണ് അവ നശിപ്പിക്കപ്പെട്ടതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ആക്രമണങ്ങള്‍ വകവെയ്ക്കുന്നില്ല; ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് യുഎന്നില്‍ ഇറാന് പ്രതിനിധി
