ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന സംവാദ ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നു പറഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി അമേരിക്കയും ഇറാനും സമ്മതിക്കുന്നുവെങ്കില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് അര്‍ഥവത്തും അന്തിമപരിണതിയിലേക്കെത്തിക്കുന്നതുമായ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധമാണെന്നും കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രം്പ് ഇറാന്റെ വൈദ്യുതി സംവിധാനങ്ങളെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന ആക്രമണം അഞ്ച് ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കം. തെഹ്റാനുമായിഫലപ്രദമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍, ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിപുലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം കാണപ്പെടുന്നത്.
പാകിസ്ഥാന്‍ സൈന്യാധിപന്‍ അസിം മുനീര്‍ ഞായറാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന്, ഷെഹ്ബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി തിങ്കളാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തി.
ഫിനാന്‍ഷ്യല്‍ ടൈംസ്, ആക്‌സിയോസ് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യു എസ് പ്രതിനിധി സ്റ്റീവ് വില്‍കോഫുമായും ഇറാന്റെ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അറഘ്ചിയുമായും ആയവിനിമയം നടത്തി. സംഘര്‍ഷം കുറയ്ക്കാനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിന് സന്ദേശങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
