നേപ്പാളിൽ റാപ്പർ സംഗീതതാരം ബലേന്ദ്ര ഷായ്ക്ക് വിജയം; മുൻ പ്രധാനമന്ത്രിക്ക് കനത്ത തോൽവി; യുവജന പിന്തുണയിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം

നേപ്പാളിൽ റാപ്പർ സംഗീതതാരം ബലേന്ദ്ര ഷായ്ക്ക് വിജയം; മുൻ പ്രധാനമന്ത്രിക്ക് കനത്ത തോൽവി; യുവജന പിന്തുണയിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം


കാഠ്മണ്ഡു: നേപ്പാളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സംഗീതതാരവും രാഷ്ട്രീയ പ്രവർത്തകനുമായ ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ സ്വന്തം മണ്ഡലത്തിൽ തോൽപ്പിച്ചു. ഇതോടെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും ഷായ്ക്ക് ശക്തമായി.

നേപ്പാൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുപ്പത്തിയഞ്ചുകാരനായ ബലേന്ദ്ര ഷാ അറുപത്തിയെട്ടായിരത്തിലധികം വോട്ടുകൾ നേടി. മുൻ പ്രധാനമന്ത്രി ഒലി പതിനെട്ടായിരത്തിലധികം വോട്ടുകൾ മാത്രമാണ് നേടിയത്.

സെപ്തബറിൽ യുവജനങ്ങൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. യുവജനങ്ങളുടെ മാറ്റത്തിനായുള്ള ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ ശക്തികൾ രംഗത്തെത്തിയത്.

ഷായുടെ നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യ പാർട്ടി രാജ്യത്ത് ശക്തമായ മുന്നേറ്റം നടത്തുന്നതായാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. നേരിട്ടുള്ള മണ്ഡലങ്ങളിൽ ഇതുവരെ എണ്ണിയ വോട്ടുകളിൽ പാർട്ടി ഭൂരിപക്ഷം നേടുന്ന പ്രവണതയാണ് കാണുന്നത്.

രണ്ടു പതിറ്റാണ്ടിലധികമായി നേപ്പാളിൽ മാറിമാറി വന്ന സഖ്യ സർക്കാരുകളാണ് ഭരണം നടത്തിയിരുന്നത്. പ്രധാനമായും മൂന്ന് വലിയ പാർട്ടികളാണ് രാഷ്ട്രീയ രംഗം നിയന്ത്രിച്ചിരുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനെത്തിയ ഏകദേശം എട്ടുലക്ഷം യുവജനങ്ങൾ പ്രധാന വോട്ടർമാരായി മാറി. യുവജനങ്ങളുടെ പിന്തുണയാണ് ഷായുടെ മുന്നേറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

സംഗീതരംഗത്തിലൂടെ പ്രശസ്തനായ ബലേന്ദ്ര ഷാ നേപ്പാളിലെ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയനാണ്. നേപ്പാളി ഭാഷയിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

സമൂഹമാധ്യമങ്ങൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ 2025 സെ്ര്രപംബറിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന് ഉണ്ടായ സംഘർഷങ്ങളിൽ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ പ്രക്ഷോഭത്തെ തുറന്നുപിന്തുണച്ച നേതാക്കളിൽ ഒരാളായിരുന്നു ബലേന്ദ്ര ഷാ.

തൊഴിലില്ലായ്മയും കുറഞ്ഞ വരുമാനവും കാരണം വിദേശത്തേക്ക് പോകുന്ന യുവജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഷായുടെ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ജനങ്ങളുടെ വരുമാനം ഉയർത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.