ടെഹ്രാൻ: ഇറാനിലെ ഇന്റലിജൻസ് മന്ത്രി എസ്മായിൽ ഖതീബിന്റെ വധത്തെ തുടർന്ന് ശക്തമായ മുന്നറിയിപ്പ് നൽകി രാജ്യത്തെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. 'ശത്രുക്കളുടെ സുരക്ഷ എടുത്തുകളയണം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ പ്രഡിഡന്റ് മസൂദ് പെഷസ്‌കിയാന് അയച്ച സന്ദേശത്തിലാണ് മൊജ്തബ ഖമേനേയി അനുശോചനവും മുന്നറിയിപ്പും രേഖപ്പെടുത്തിയത്. ഖതീബിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും, അതിനെ മറികടക്കാൻ കൂടുതൽ ശക്തമായ പ്രവർത്തനം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കി, പൗരന്മാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കണം' എന്നായിരുന്നു ഖമേനേയിയുടെ നിർദേശം.
ഇതിനിടെ, എസ്മായിൽ ഖതീബ് കൊല്ലപ്പെട്ടതായി പ്രസിഡന്റ് പെസഷ്‌കിയാൻ സ്ഥിരീകരിച്ചു. ഇത് 'ഭീരുത്വപരമായ ആക്രമണം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലൂടെയാണ് ഖതീബ് കൊല്ലപ്പെട്ടതെന്നും, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിലെ ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സൈന്യത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.
ഇറാൻ ഇന്റലിജൻസ് മന്ത്രിയുടെ വധം; ശത്രുക്കൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി
