ഇറാനിലെ ആക്രമണത്തിനിടെ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അമേരിക്കയുടെ എഫ്35 യുദ്ധവിമാനം അടിയന്തരമായി ഇറക്കിയതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ അമേരിക്കൻ സൈനിക താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
ഈ അത്യാധുനിക യുദ്ധവിമാനം ഇറാനുമുകളിൽ യുദ്ധമിഷനിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രശ്‌നം നേരിട്ടതെന്ന് യുഎസ് സെൻട്രൽ കമാന്റ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു.
വിമാനം സുരക്ഷിതമായി ഇറങ്ങിയതായും പൈലറ്റിന്റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഇറാൻ നടത്തിയ ആക്രമണമാണ് ഇതിന് കാരണമെന്നാണ് സംശയം. ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ, ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഒരു അമേരിക്കൻ യുദ്ധവിമാനത്തെ ലക്ഷ്യംവയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം അമേരിക്കൻ എഫ്35 വിമാനത്തിന് ഗുരുതരമായി കേടുപാടുകൾ ഉണ്ടാക്കിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു. വിമാനം തകർന്നിരിക്കാനുള്ള സാധ്യതയും ഉയർന്നതാണെന്ന് അവർ അറിയിച്ചു.
അതേസമയം, സംഘർഷത്തിൽ അമേരിക്ക നിർണായക മുന്നേറ്റം കൈവരിക്കുന്നുവെന്നും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വലിയ തോതിൽ തകർന്നുവെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് അവകാശപ്പെട്ടു.
ഒരു എഫ്35 യുദ്ധവിമാനത്തിന്റെ വില 100 മില്യൺ ഡോളറിന് മുകളിലാണെന്നാണ് കണക്ക്. അമേരിക്കയും ഇസ്രായേലും ഈ സംഘർഷത്തിൽ ഈ വിമാനങ്ങൾ വ്യാപകമായി വിനിയോഗിച്ചു വരുന്നു.
ഇറാൻ മിസൈൽ ആക്രമണം: അമേരിക്കൻ എഫ്35 യുദ്ധവിമാനം അടിയന്തരമായി ഇറക്കി
