പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക് പൗരനും കൊല്ലപ്പെട്ടു

പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക് പൗരനും കൊല്ലപ്പെട്ടു


ലാഹോര്‍:  പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഒരു ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക് പൗരനും കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഇസ്ലാമാബാദില്‍ നിന്ന് ദാസുവിലെ തങ്ങളുടെ ക്യാമ്പിലേക്ക് പോവുകയായിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചാവേര്‍ ഇടിച്ചുകയറ്റിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് റീജിയണല്‍ പോലീസ് മേധാവിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ചൈനീസ് പൗരന്മാരും അവരുടെ പാകിസ്ഥാന്‍ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടുതായി''ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം വാഹനവ്യൂഹത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഒരു പ്രധാന അണക്കെട്ടിന്റെ പ്രദേശമായ ദാസു മുമ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2021ല്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ചൈനീസ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അന്ന് പാക്കിസ്ഥാന്‍ ദശലക്ഷക്കണക്കിന് നഷ്ടപരിഹാരം നല്‍കിയിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈന തങ്ങളുടെ സംഘത്തെ നിയോഗിച്ചു.

കൂടാതെ 2023 ഓഗസ്റ്റില്‍ ചൈനീസ് എഞ്ചിനീയര്‍മാരുടെ ഒരു വാഹനവ്യൂഹം പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സായുധ വിമതര്‍ ആക്രമിച്ചിരുന്നു. ഇത് വിമതരും പാകിസ്ഥാന്‍ സുരക്ഷാ സേനയും തമ്മിലുള്ള തീവ്രമായ വെടിവയ്പ്പില്‍ കലാശിച്ചു.

ഗ്വാദറിലെ ഫക്കീര്‍ പാലത്തില്‍ ചൈനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹം ആക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ബലൂച് ലിബറേഷന്‍ ആര്‍മി - ബിഎല്‍എയുടെ ചാവേര്‍ സ്‌ക്വാഡായ മജീദ് ബ്രിഗേഡ് ആ സമയത്ത് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

2021 മെയ് മാസത്തില്‍ കറാച്ചി സര്‍വ്വകലാശാലയിലെ ചൈന നിര്‍മ്മിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജീവനക്കാരുമായി പോയ മിനിബസിന് നേരെയുണ്ടായ ബുര്‍ഖ ധരിച്ച ബലൂച് വനിതാ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. അതേ വര്‍ഷം 2021 ഏപ്രിലില്‍ ക്വറ്റയിലെ ചൈനീസ് അംബാസഡര്‍ താമസിക്കുന്ന ആഡംബര ഹോട്ടലില്‍ ചാവേര്‍ ബോംബ് ആക്രമണത്തില്‍ നാല് കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.