ബീജിങ്: യുദ്ധഭൂമിയുടെ ഭാവി മാറ്റിമറിക്കാന്‍ ശേഷിയുള്ള ഏറ്റവും വിലകുറഞ്ഞ സൂയിസൈഡ് ഡ്രോണ്‍' ചൈന വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനമായ നൊറിങ്കോ (Norinco) നിര്‍മ്മിച്ച ഫെയ്‌ലോങ്-300ഡി (Feilong-300D) എന്ന ലോയിറ്ററിങ് മ്യൂനിഷനാണ് ക്രൂസ് മിസൈലുകള്‍ക്ക് സമാനമായ ആക്രമണശേഷിയുമായി അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. 2024ലെ ജുഹായ് എയര്‍ഷോയിലാണ് ഈ ഡ്രോണ്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം ആയിരം കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയുന്ന ഫെയ്‌ലോങ്-300ഡി, പരമ്പരാഗത ക്രൂസ് മിസൈലുകളേക്കാള്‍ അതിശക്തമായ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്രോണിന്റെ വില 10,000 മുതല്‍ 100,000 ഡോളര്‍ വരെ മാത്രമാണെന്നാണ് ലഭ്യമായ വിവരം. ഇതോടെ ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ഡ്രോണുകളില്‍ ഏറ്റവും ചെലവുകുറഞ്ഞ സംവിധാനങ്ങളിലൊന്നായി ഇത് മാറുന്നു. യുഎഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇത് വാങ്ങുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്രയും ഉയര്‍ന്ന പരിധിയുള്ള ആക്രമണ ശേഷിയുള്ള ഒരു ലോയിറ്ററിംഗ് മ്യൂനിഷന്‍ എങ്ങനെ ഇത്രയും ചീപ്പാകുന്നു എന്നതാണ് ഏറ്റവും വലിയ ചോദ്യമായി ഉയരുന്നത്. ടര്‍ബൈന്‍ എന്‍ജിനുകള്‍ക്ക് പകരം പെട്രോള്‍ ഉപയോഗിച്ചുള്ള പിസ്റ്റണ്‍ എന്‍ജിനാണ് ഫെയ്‌ലോങ്-300ഡിയില്‍ ഘടിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലളിതമായ ഡെല്‍റ്റ വിംഗ് രൂപകല്‍പ്പനയും സാധാരണ ഇന്ധന ഉപയോഗവും നിര്‍മ്മാണ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ലാളിത്യമാണ് വന്‍തോതില്‍ നിര്‍മ്മാണവും 'എക്‌സ്‌പെന്‍ഡബിള്‍' ആയ വിനിയോഗവും ചൈന ലക്ഷ്യമിടുന്നതിന് പിന്നില്‍.
സൈനിക പരിശോധനാ ദൗത്യങ്ങള്‍ക്കും ചാവേര്‍ ആക്രമണങ്ങള്‍ക്കുമുള്ള (suicide strike) ഇരട്ട ഉപയോഗമാണ് ഈ ഡ്രോണിന്റെ മറ്റൊരു ആകര്‍ഷണം. അതുവഴി വിലകൂടിയ ആക്രമണ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത ചെറുരാജ്യങ്ങള്‍ക്കും ദീര്‍ഘദൂര സ്റ്റാന്‍ഡ്ഓഫ് ആക്രമണ ശേഷി കൈവരിക്കാന്‍ അവസരമൊരുങ്ങുന്നു. കൂടാതെ, അമിത ചെലവുള്ള എയര്‍ ഡിഫെന്‍സ് സംവിധാനങ്ങളെ തളര്‍ത്താന്‍ വിലകുറഞ്ഞ ഇത്തരം ഡ്രോണുകള്‍ കൂട്ടത്തോടെ വിനിയോഗിക്കാനാകുമെന്നതും മനോഹരമല്ലാത്ത യാഥാര്‍ത്ഥ്യമായി പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിലകുറഞ്ഞതെങ്കിലും ക്രൂസ് മിസൈല്‍ തലത്തിലുള്ള ആക്രമണശേഷിയോടെ എത്തുന്ന ഫെയ്‌ലോങ്-300ഡി പോലുള്ള സംവിധാനങ്ങള്‍ ആധുനിക യുദ്ധങ്ങളുടെ സ്വഭാവം തന്നെ മാറ്റിയേക്കുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്.
ചൈനയുടെ സൂപ്പര്‍ ചീപ്പ് 'സൂയിസൈഡ് ഡ്രോണ്‍': ക്രൂസ് മിസൈലിന്റെ ദൂരം; ചെലവ് വെറും 1 ലക്ഷം ഡോളര്‍
