വാഷിംഗ്ണ്‍:ജെഫ്ഫ്രി എപ്‌സ്‌റ്റെന്‍ അന്വേഷണ ഫയലുകള്‍ പുറത്തുവിടുന്നതിന് ഉദാസീനത കാണിച്ച അമേരിക്കന്‍ നീതിന്യായ വകുപ്പിന് (DOJ) മേല്‍ ഫെഡറല്‍ കോടതി കടുത്ത നിരീക്ഷണം ആരംഭിച്ചു. എപ്‌സ്‌റ്റെന്‍ ഫയല്‍സ് ട്രാന്‍സ്പറന്‍സി ആക്ട് പ്രകാരം ഡിസംബര്‍ 19നുള്ള അവസാന തീയതി അടുക്കുമ്പോള്‍, ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നതില്‍ അനാവശ്യ വൈകിപ്പിക്കല്‍ കണ്ടതിനെ തുടര്‍ന്ന് രേഖകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യണമെന്ന് കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.
ട്രംപ് ഭരണകൂടം ജൂലായില്‍ എപ്‌സ്‌റ്റെന്‍ കേസ് ഫയലുകള്‍ പുറത്തുവിടില്ലെന്ന തീരുമാനത്തിലേക്ക് തിരിഞ്ഞതിന്റെ പിന്നില്‍ എന്താണ് ഉണ്ടായതെന്ന സംശയങ്ങള്‍ ശക്തമായപ്പോള്‍ ഡെമോക്രസി ഫോര്‍വേഡ് എന്ന നിയമസഹായ സംഘടനയാണ് വിവരാവകാശ (FOIA) അപേക്ഷയും തുടര്‍ന്ന് നിയമനടപടിയും ആരംഭിച്ചത്. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി 'ക്ലയന്റ് ലിസ്റ്റ് തന്റെ മേശപ്പുറത്ത് ഉണ്ടെന്നും അത് പരിശോധിക്കാമെന്നും' പറഞ്ഞത് തെറ്റിദ്ധരിപ്പിക്കലാണോയെന്ന്, ട്രംപിന്റെ പേര് ഫയലുകളില്‍ പ്രത്യക്ഷപ്പെട്ടതും തീരുമാനം മാറ്റാന്‍ കാരണമായോ എന്നതുമാണ് അപ്പീലിന് അടിസ്ഥാനമായത്.
ഈ പ്രാധാന്യമുള്ള വിഷയത്തില്‍ മാധ്യമശ്രദ്ധയും, സര്‍ക്കാര്‍ സത്യസന്ധതയെക്കുറിച്ചുള്ള പൊതുജനവിശ്വാസത്തെ ബാധിക്കുന്ന സംശയങ്ങളും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയ ജഡ്ജി ടാന്യ ചുട്ട്കന്‍ അപേക്ഷയുടെ വലിയൊരു ഭാഗം അംഗീകരിച്ചു. ട്രംപും എപ്‌സ്‌റ്റെനും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടണമെന്ന ആവശ്യമാണ് വിഷയത്തിന്റെ കേന്ദ്രബിന്ദുവെന്ന് കോടതി വ്യക്തമാക്കി. 'ട്രംപിന്റെ പേര് ഫയലുകളില്‍ ഉണ്ടെന്ന വിവരം പ്രസിഡന്റിന് ബോണ്ടി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം തീരുമാനമാറ്റം സംഭവിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുമായി ആവശ്യപ്പെട്ട രേഖകള്‍ക്ക് വ്യക്തമായ ബന്ധമുണ്ട്,' എന്ന് ജഡ്ജി ചുട്ട്കന്‍ വിധിയില്‍ നിരീക്ഷിച്ചു.
'വിസില്‍ ബ്ലോവര്‍', 'ഫ്‌ലൈറ്റ് ലോഗ്‌സ് ' എന്നീ പദങ്ങള്‍ ഉള്‍പ്പെട്ട രേഖകളിലേക്ക് ആവശ്യപ്പെട്ട ഭാഗം അതിരുകടന്നതാണെന്ന് കണ്ടെത്തിയെങ്കിലും, അപേക്ഷയുടെ ഭൂരിഭാഗവും കോടതി അംഗീകരിച്ചു. ഡിസംബര്‍ 5നു മുമ്പായി നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, എപ്‌സ്‌റ്റെനെയും ഗിസ്ലൈന്‍ മാക്‌സ്‌വെല്ലിനെയും സംബന്ധിച്ച വിചാരണകളിലെ ഗ്രാന്‍ഡ് ജൂറി മൊഴികളും രേഖകളും പുറത്തുവിടാന്‍ രണ്ട് ഫെഡറല്‍ ജഡ്ജിമാരുടെ അനുമതി തേടിക്കൊണ്ട് ഡിഒജെ സ്വന്തം നീക്കവും ആരംഭിച്ചു. എപ്‌സ്‌റ്റെന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള നിയമബാധ്യത പാലിക്കാന്‍ വേണ്ടിയാണ് ഇത്.
പ്രമുഖ ഡെമോക്രാറ്റുകളുമായി എപ്‌സ്‌റ്റെന്‍ ബന്ധപ്പെട്ടു എന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാം ബോണ്ടി നിയോഗിച്ച യുഎസ് അറ്റോര്‍ണി ജേ ക്ലെയ്റ്റണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ആവശ്യമായ തിരുത്തലുകളോടെ (Redaction) ഈ രേഖകള്‍ പുറത്തുവിടാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
എപ്‌സ്‌റ്റെന്‍ കേസ് വീണ്ടും ദേശീയ രാഷ്ട്രീയത്തെയും നീതിന്യായ സംവിധാനത്തെയും പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഇടപെടല്‍.
എപ്‌സ്‌റ്റെന്‍ കേസ് ഫയലുകള്‍: ഡിഒജെയുടെ നീക്കം അന്വേഷിക്കാന്‍ കോടതി ഇടപെടല്‍; രേഖകള്‍ വേഗത്തില്‍ കൈമാറാന്‍ ഉത്തരവ്
