യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ മുന്നേറ്റം; 'ചില സൂക്ഷ്മ വിഷയങ്ങള്‍' ഇനി തീര്‍ക്കാനുണ്ടെന്ന് അമേരിക്ക

യുക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ മുന്നേറ്റം; 'ചില സൂക്ഷ്മ വിഷയങ്ങള്‍' ഇനി തീര്‍ക്കാനുണ്ടെന്ന് അമേരിക്ക


അബൂദാബി: യുക്രെയ്ന്‍ സംഘര്‍ഷത്തിന് വിരാമമിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു എസ്, റഷ്യ, യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ അബുദാബിയില്‍ നടന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടമാണ് സമാധാന ശ്രമങ്ങള്‍ നടത്തുന്നത്. 

ചര്‍ച്ചകളില്‍ മികച്ച മുന്നേറ്റം കൈവരിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലൈന്‍ ലെവിറ്റ് വ്യക്തമാക്കി. സൂക്ഷ്മമായ ചില വിഷയങ്ങള്‍  കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ എക്‌സില്‍ കുറിച്ചു. 

എങ്കിലും അതിര്‍ത്തി വിട്ടുവീഴ്ചകള്‍, ഭാവിയിലെ സുരക്ഷാ ഉറപ്പുകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ യുക്രെയ്ന്‍- അമേരിക്ക ചര്‍ച്ചകള്‍ ധാരണകളിലൊന്നും എത്തിയതായി സൂചനയില്ല. ഞായറാഴ്ച ജനീവയില്‍ അമേരിക്ക- യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത പുതുക്കിയ കരാറിനെ റഷ്യ അംഗീകരിക്കുമെന്ന സൂചനയും ലഭിച്ചിട്ടില്ല.

ജനീവയിലെ ചര്‍ച്ചകളില്‍ കരാറിന്റെ പ്രധാന വ്യവസ്ഥകളില്‍ ഏകാഭിപ്രായത്തിലെത്തിയതായും കരാറിന്റെ അവസാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ നവംബര്‍ മാസത്തിലെ യു എസ് സന്ദര്‍ശനം വേഗത്തില്‍ ക്രമീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും യുക്രെയ്ന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി റുസ്‌തെം ഉമേരോവ് ചൊവ്വാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. 

ഇതൊരു പുതിയ കരാര്‍ അല്ലെന്നും യുക്രെയ്ന്‍ ജനീവയില്‍ രൂപപ്പെട്ട കരട് കരാറില്‍ തങ്ങള്‍ 'തൃപ്തരാണെന്ന്' സ്ഥിരീകരിക്കുകയാണെന്നും ഈ കരാറില്‍ പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

പരിഷ്‌കരിച്ച സമാധാന പദ്ധതി ഓഗസ്റ്റില്‍ അലാസ്‌കയിലുണ്ടായ ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായ ധാരണകളുടെ 'ആത്മാവിനും ഉള്ളടക്കത്തിനും' അനുസൃതമായിരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവ് വ്യക്തമാക്കി.

ജനീവ ചര്‍ച്ചകള്‍ക്ക് പിന്നാലെ യു എസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ തിങ്കളാഴ്ച റഷ്യന്‍ പ്രതിനിധികളുമായി ഗള്‍ഫില്‍ കൂടിക്കാഴ്ച നടത്തി. 

യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് ചീഫ് കിറിലോ ബുദാനോവും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. പക്ഷേ റഷ്യന്‍ പ്രതിനിധികളുമായി നേരിട്ടോ ഇരുപക്ഷ ചര്‍ച്ചകളായിരിക്കുമോ എന്ന് വ്യക്തമായിട്ടില്ല.

റഷ്യന്‍ പ്രതിനിധികള്‍ ആരൊക്കെയാണെന്നതും ഔദ്യോഗികമായി വ്യക്തമല്ല. 

യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചകളില്‍ അമേരിക്കയുടെ ആധിപത്യം കാരണം ആശയക്കുഴപ്പത്തിലാണ്.

ട്രംപുമായി ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തുന്ന യൂറോപ്യന്‍ നേതാക്കളില്‍ ഒരാളായ ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ് പറഞ്ഞത് യുക്രെയ്‌നിന്റെ ഭാവിയെ തീരുമാനിക്കേണ്ടത് യുക്രെയ്ന്‍ തന്നെയാണെന്നും യൂറോപ്പിന്റെ സുരക്ഷയെ തീരുമാനിക്കേണ്ടത് യൂറോപ്പാണെന്നുമാണ്. 

യുക്രെയ്നിന് 'അംഗീകരിക്കാനാകാത്തൊരു കീഴടങ്ങലായി' തീരുന്ന കരാര്‍ അംഗീകരിക്കരുതെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയത്.