കാനഡ-ഇന്ത്യ ബന്ധം പുതുയുഗത്തിലേക്ക് ; 2026ല്‍ മാര്‍ക്ക് കാര്‍നി ഇന്ത്യ സന്ദര്‍ശിക്കും

കാനഡ-ഇന്ത്യ ബന്ധം പുതുയുഗത്തിലേക്ക് ; 2026ല്‍ മാര്‍ക്ക് കാര്‍നി ഇന്ത്യ സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ, ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധം വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി20 ഉച്ചകോടിക്കു പിന്നാലെ പ്രഖ്യാപിച്ച തീരുമാനത്തോടെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) ചര്‍ച്ചകളിലേക്കാണ് ഇരു രാജ്യങ്ങളും തിരികെ പോകുന്നത്. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 50 ബില്യണ്‍ ഡോളറാക്കുക എന്നതാണ് ലക്ഷ്യം.

 കരാര്‍ 'ഉന്നത അഭിലാഷങ്ങള്‍' ഉള്ളതാണെന്നും ഇന്ത്യയുടെയും കാനടെയും സാധ്യമായ  ശക്തികള്‍ ഒരുമിച്ചുചേര്‍ത്താല്‍ ഇരുരാജ്യങ്ങളിലുമുള്ള നിക്ഷേപ-ബിസിനസ് മേഖലകള്‍ക്ക് വലിയ ഗുണമുണ്ടാകുമെന്നും ഡല്‍ഹിയില്‍ ഇന്തോ-കനേഡിയന്‍ ബിസിനസ് ചേംബര്‍ യോഗത്തില്‍ സംസാരിച്ച കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.  ഈ CEPA, രാജ്യങ്ങളുടെ ബന്ധത്തിന് സാമ്പത്തികമായ നങ്കൂരമാകുമെന്ന അതേ ആശയമാണ് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയും മുന്നോട്ടുവച്ചത്.

2010ല്‍ ആരംഭിച്ച CEPA ചര്‍ച്ചകള്‍ 2015ല്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ എത്തിയതോടെ തണുത്തുപോയിരുന്നു. തുടര്‍ന്ന് നടന്ന എര്‍ലി പ്രോഗ്രസ് ട്രേഡ് കരാര്‍ (EPTA) ചര്‍ച്ചകളും 2023 ഓഗസ്റ്റില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനകളായിരുന്നു അന്ന് ബന്ധത്തില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ കാര്‍നി അധികാരത്തിലെത്തിയതോടെ ബന്ധത്തില്‍ മഞ്ഞുരുകല്‍ തുടങ്ങി. ഏപ്രിലില്‍ മോഡി നേരിട്ട് ആശംസ അറിയിച്ചുവെന്നും തുടര്‍ന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചകളും ജൂണിലെ ജി 7 കൂടിക്കാഴ്ചയും ബന്ധത്തിന് പുതിയ ഊര്‍ജം നല്‍കിയതുമാണ് ബന്ധം ശക്തിപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും അത് കാനഡന്‍ തൊഴിലാളികളും ബിസിനസ്സുകളും വേണ്ടി പുതിയ അവസരങ്ങള്‍ തുറക്കുന്നുവെന്നും ജോഹന്നാസ്ബര്‍ഗില്‍ കൂടിക്കാഴ്ചക്ക് ശേഷമുള്ള പോസ്റ്റില്‍ കാര്‍നി, കുറിച്ചു. മോഡിയുമായി നടന്ന ചര്‍ച്ച പ്രത്യുത്പാദനപരമായിരുന്നുവെന്നും  കാര്‍നി വിശേഷിപ്പിച്ചു.

'ബന്ധത്തിന്റെ പുനരാരംഭം മാത്രമല്ല, അത് വളരെ വേഗത്തില്‍ ആഴത്തിലേക്ക് നീങ്ങുകയാണ് എന്നാണ് രാഷ്ട്രീയതലത്തിലുള്ള ഈ മുന്നേറ്റത്തോട് പ്രതികരിച്ച ഏഷ്യ-പസഫിക് ഫൗണ്ടേഷനിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് വീന നജ്ജിബുള്ള പറഞ്ഞത്. കാനഡ ബിസിനസ് കൗണ്‍സില്‍ തലവന്‍ ഗോള്‍ഡി ഹൈഡറും CEPA പുനരാരംഭത്തെ സ്വാഗതം ചെയ്തു. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ പാര്‍ലമെന്റ്, വ്യവസായ മേഖലകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു വലിയ വ്യാപാര പ്രതിനിധിവിഭാഗം കാര്‍നിയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖനന വസ്തുക്കള്‍, ശുദ്ധഊര്‍ജം, ആണവോര്‍ജം, വിതരണ ശൃഖലാ വൈവിധ്യവല്‍ക്കരണം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കാനുള്ള വലിയ സാധ്യതകളുണ്ടെന്ന് ഗോയല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൃത്രിമ ബുദ്ധി മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെ പുതിയ സാങ്കേതിക വിദ്യകളില്‍ ഇന്ത്യയ്ക്കുള്ള ശക്തിയും അദ്ദേഹം എടുത്തുകാട്ടി.

2024ല്‍ കാനഡയുടെ ഏഴാമത്തെ വലിയ വ്യാപാരപങ്കാളിയായി ഇന്ത്യ ഉയര്‍ന്ന സാഹചര്യത്തിലാണ് CEPA വീണ്ടും പാളത്തിലേക്ക് വന്നിരിക്കുന്നത്. ഉന്നതതല രാഷ്ട്രീയ നേതൃത്വം നല്‍കുന്ന ഈ സംരംഭം, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ക്ക് നേട്ടമാകും എന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍.