കണ്ണൂര്‍: എത്യോപ്യയിലെ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നു കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കു പോയ ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. പതിനായിരം വര്‍ഷങ്ങള്‍ക്കുശേഷമാണ് എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം നടക്കുന്നത്. മേഖലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ അസാധാരണ സംഭവമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6ഇ 1433 വിമാനമാണ് അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദിലിറങ്ങി. കണ്ണൂരിലേക്ക് മടക്ക സര്‍വീസുകള്‍ ലഭ്യമാക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
എത്യോപ്യയിലെ എര്‍ത്ത ആലി പര്‍വതനിരയിലുള്ള ഹെയ്ലി ഗബ്ബി അഗ്നിപര്‍തമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ഇതിന്റെ ധൂളികള്‍ ഉത്തരേന്ത്യന്‍ മേഖലയിലേക്കു നീങ്ങിയത് വ്യോമഗതാഗതത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജയ്പുര്‍- ഡല്‍ഹി പാതയില്‍ ഇന്നലെ വൈകിട്ടോടെ വിമാനസര്‍വീസുകളെ ഇതു ബാധിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റം വരുത്തുമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചു.
