സന്ദര്‍ശകവിസയിലെത്തി കൗമാരക്കാരികളെ പീഡിപ്പിച്ച ഇന്ത്യന്‍ പൗരനെ കാനഡ നാടുകടത്തും

സന്ദര്‍ശകവിസയിലെത്തി കൗമാരക്കാരികളെ പീഡിപ്പിച്ച ഇന്ത്യന്‍ പൗരനെ കാനഡ നാടുകടത്തും


സര്‍നിയ (ഒന്റാറിയോ) : കാനഡ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പൗരന്‍ രണ്ട് കൗമാരക്കാരികളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. ഒന്റാറിയോയിലെ സര്‍നിയ മേഖലയില്‍ താമസമാക്കിയ 51 കാരനായ ജഗ്ജിത് സിംഗിനെയാണ് നാടുകടത്തുന്നത്.  പുതുതായി ജനിച്ച പേരക്കുട്ടിയെ കാണാനെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ കാനഡയില്‍ എത്തിയതിന് പിന്നാലെ ഒരു പ്രാദേശിക ഹൈസ്‌കൂളിന്റെ പുകവലി മേഖലയില്‍ പതിവായി എത്തുകയും അവിടെത്തുന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് ആരോപണം. സെപ്റ്റംബര്‍ 8 മുതല്‍ 11 വരെയായിരുന്നു കൗമാരക്കാരികളെ സമീപിച്ച് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിക്കുകയും മദ്യവും ലഹരിപദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ച ഒരു പെണ്‍കുട്ടി അവസാനം അതിനു തയ്യാറായപ്പോള്‍  സിംഗ് അവളെകയറിപിടിക്കാന്‍ ശ്രമിച്ചതായി പരാതി പറയുന്നു. അസ്വസ്ഥതയോടെ പെണ്‍കുട്ടി മാറിനില്‍ക്കുകയും അയാളുടെ കൈതട്ടിമാറ്റുകയും ചെയ്തു. ഇംഗ്ലീഷ് അറിയാത്ത സിംഗ് പെണ്‍കുട്ടികളെ സ്‌കൂള്‍ പരിസരത്തിന് പുറത്തും പിന്തുടര്‍ന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്ന മറ്റൊരു പ്രധാന വിവരം.

സെപ്റ്റംബര്‍ 16ന് അറസ്റ്റ് ചെയ്ത് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് മറ്റൊരു പരാതിയും ഉയര്‍ന്നതോടെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി. ഭാഷതര്‍ജ്ജമചെയ്യാന്‍ ആളെ ലഭിക്കാതെ വന്നതിനാല്‍ ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി കൂടി ജയിലില്‍ ചെലവഴിക്കേണ്ടിവന്നു. സെപ്റ്റംബര്‍ 19ന് നടന്ന വിചാരണയില്‍ ലൈംഗികമായി ഇടപെട്ടുവെന്ന ഗുരുതര കുറ്റം സിംഗ് നിഷേധിച്ചു. എന്നാല്‍ അതിന്റെ താഴെയുള്ള കുറ്റമായ ക്രിമിനല്‍ ഹറാസ്‌മെന്റിന് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഹൈസ്‌കൂളിന്റെ പരിസരത്ത് പോകാന്‍ അദ്ദേഹത്തിന് യാതൊരു കാരണവുമില്ലായിരുന്നുവെന്ന് ജസ്റ്റിസ് ക്രിസ്റ്റ ലിന്‍ ലെഷിന്‍സ്‌കി കോടതി നിരീക്ഷിച്ചു. ഇത്തരം പെരുമാറ്റം ഒരിക്കലും സഹിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡിസംബര്‍ 30ന് ഇന്ത്യയിലേക്ക് മടങ്ങാനായുള്ള ടിക്കറ്റുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ സിംഗിനെ ഉടന്‍ നാടുകടത്താനും കാനഡയിലേക്കുള്ള പ്രവേശനം നിരോധിക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, വാദികളായ പെണ്‍കുട്ടികളുമായി ബന്ധപ്പെടരുതെന്നും, അവര്‍ പഠിക്കുന്നതോ താമസിക്കുന്നതോ ജോലിചെയ്യുന്നതോ ആയ ഇടങ്ങളിലെത്തരുതെന്നും, 16 വയസ്സിന് താഴെയുള്ള ആരുമായും (പേരക്കുട്ടി ഒഴികെ) സംസാരിക്കരുതെന്നും സ്‌കൂള്‍-പൂള്‍-പാര്‍ക്ക്-പ്ലേഗ്രൗണ്ട്-കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയില്‍ നിന്ന് 100 മീറ്റര്‍ അകലത്ത് നില്‍ക്കണം എന്നിങ്ങനെ മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍ശന പ്രൊബേഷന്‍ നിബന്ധനകളും കോടതി ഏര്‍പ്പെടുത്തി.